ഓര്‍മകള്‍ മാത്രം ബാക്കി; അരനൂറ്റാണ്ടിനിടെ മാണിസാറില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്

179

അര നൂറ്റാണ്ടിനിടയില്‍ കെ.എം.മാണിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പിന് ഇത്തവണ പാലാ സാക്ഷ്യം വഹിക്കുന്നു. 1965ല്‍ പാലാ നിയമസഭാ മണ്ഡലം രൂപവത്കൃതമായപ്പോള്‍ മുതല്‍ പ്രതിനിധിയായ കെ.എം.മാണിയായിരുന്നു ഇതുവരെ പാലായുടെ വി.ഐ.പി വോട്ടര്‍. നിയമ സഭയോ, ലോകസഭയോ, നഗരസഭയോ ആകട്ടെ തെരഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചതും തന്ത്രങ്ങള്‍ മെനഞ്ഞതും മാണിയുടെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ നിന്നാണ് .

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മാണിതന്നെയാണ് എന്നും വിജയിച്ച സ്ഥാനാര്‍ത്ഥിയെങ്കില്‍ ലോകസഭാ തെരഞ്ഞെടുപ്പിലും നഗരസഭാ തെരഞ്ഞെടപ്പിലും ചുരുക്കം ചില അവസരങ്ങളിലൊഴികെ വിജയിയായതും കെ.എം. മാണിയുടെ അനുഗ്രഹം ഏറ്റുവാങ്ങിയവരാണ്. പാലാ സെന്റ് തോമസ ്‌ഹൈസ്‌ക്കൂളിലെ ബൂത്തിലായിരുന്നു കെ.എം.മാണിയും ഭാര്യ കുട്ടിയമ്മയും വോട്ടു ചെയ്യുവാനെത്തിയിരുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കെ.എം.മാണി അവസാനമായി വോട്ടു ചെയ്തത്. ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ.മാണിയും മരുമകള്‍ നിഷയും ഒപ്പമുണ്ടായിരുന്നു. രാവിലെ എഴോടെ കുടുംബ സഹിതം കെ.എം.മാണി വോട്ടുചെയ്യാനെത്തിയിരുന്നത് പാലായുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മറക്കാനാവാത്ത കാഴ്ചയായിരുന്നു.