വൈഗയെ കൊലപ്പെടുത്തിയത് ആത്മഹത്യയെ എതിർത്തതിനാൽ: കുറ്റസമ്മതം നടത്തി സനു: രക്തക്കറയിൽ ദുരൂഹത

22

സനു മോഹൻ തന്നെയാണ് വൈഗയെ കൊലപ്പെടുത്തിയത് എന്ന്കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എച്ച്.നാഗരാജു. ഇക്കാര്യം സനുമോഹൻ സമ്മതിച്ചിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കടബാധ്യതയാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കടബാധ്യത കാരണമുള്ള ടെൻഷനും മറ്റുമാണ് കൊലപാതകത്തിലേക്കും ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലേക്കും എത്തിച്ചത്.

മകളുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ മകൾ ഇതിന് വിസമ്മതിച്ചതോടെ കൊലപ്പെടുത്തി. പിന്നീട് തനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായില്ലെന്നാണ് സനുവിന്റെ മൊഴി. കേസിൽ മറ്റാർക്കും പങ്കില്ലെന്ന് ഏകദേശം സ്ഥിരീകരിച്ചതായും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

സനുമോഹന്റെ ഭാര്യയെയും അടുത്തബന്ധുക്കളെയും നേരത്തെ പലതവണ ചോദ്യംചെയ്തിരുന്നു. സനുവിന്റേത് ഏറെ രഹസ്യങ്ങൾ നിറഞ്ഞ ജീവിതമാണെന്നായിരുന്നു ഇവരുടെ മൊഴി. ഒന്നും ആരോടും പങ്കുവെയ്ക്കാത്ത പ്രകൃതമായിരുന്നു. മുംബൈയിൽ സനുവിനെതിരേ മൂന്ന് കോടി രൂപയുടെ വഞ്ചനാകേസ് നിലവിലുണ്ട്.