ചരിത്ര തീരുമാനം: കൊവിഡ് വാക്‌സീനുകളുടെ പേറ്റന്റ് ഒഴിവാക്കി അമേരിക്ക

23
  • കൊവിഡ് വാക്‌സീനുകളുടെ പേറ്റന്റ് താല്‍ക്കാലികമായി ഒഴിവാക്കാൻ തീരുമാനിച്ച് അമേരിക്ക. ലോകം മഹാമാരിയില്‍ ബുദ്ധിമുട്ടുമ്പോള്‍ വാക്‌സീന്‍ കമ്പനികള്‍ കോടിക്കണക്കിന് സ്വത്തുണ്ടാക്കുന്നുവെന്ന വിമര്‍ശനം ശക്തമായതോടെയാണ് വാക്‌സീന്‍ പേറ്റന്റ് ഒഴിവാക്കാന്‍ തീരുമാനവുമായി അമേരിക്ക രംഗത്തെത്തിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വാക്‌സീന്റെ പേറ്റന്റ് ഒഴിവാക്കണമെന്ന് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു.

പേറ്റന്റ് ഒഴിവാക്കിയാല്‍ കമ്പനികളുടെ വാക്‌സീന്‍ കുത്തക ഇല്ലാതാകും. വാക്‌സീന്‍ സാങ്കേതികവിദ്യയുടെ ഉടമസ്ഥത കമ്പനികള്‍ക്ക് ഇല്ലാതാകുന്നതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് വാക്സിനുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. വാക്‌സീനുകള്‍ക്ക് പേറ്റന്റ് വേണ്ടെന്ന നിര്‍ദേശം ലോക വ്യാപാര സംഘടനയില്‍ ഉന്നയിക്കുമെന്ന് ജോ ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി.
വ്യാപാരങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ ഭരണകൂടം കോവിഡ് വാക്സിനുകൾക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിൻ തായ് പറഞ്ഞു.