ഉമ്മന്‍ചാണ്ടിയും പി.ജെ ജോസഫും കൂടിക്കാഴ്ച്ച നടത്തി; മൗനം വിടാതെ കെ.എം മാണി: യു.ഡി.എഫിൽ കാത്തിരിക്കുന്നത് എന്ത്?

പിജെ ജോസഫ് ഉമ്മന്‍ചാണ്ടിയെ കാണാനെത്തി. മോന്‍സ് ജോസഫ് അടക്കം കേരളാ കോണ്‍ഗ്രസ് നേതാക്കളുമായാണ് പിജെ ജോസഫ് ഉമ്മന്‍ ചാണ്ടിയുടെ ജഗതിയിലെ വീട്ടിലെത്തിയത്. യുഡിഎഫ് നേതാക്കള്‍ കൂടി ആലോചിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതായി പി.ജെ ജോസഫ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയും ജോസഫ് കാണുന്നുണ്ട്.

കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ ലോക്‌സഭയില്‍ മത്സരിക്കാന്‍ സന്നദ്ധതയറിയിച്ചിട്ടും കോട്ടയം സീറ്റ് വിട്ട് നല്‍കാന്‍ തയ്യാറാകാത്ത കെഎം മാണിയുടെ നിലപാടിലുള്ള അതൃപ്തി ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കും. നിര്‍ണ്ണായക തെരഞ്ഞെടുപ്പില്‍ കോട്ടയം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പറ്റില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.