‘നിന്നെയും ഉന്നാവ് പെൺകുട്ടിയെപ്പോലെ കൊല്ലും’: പീഡനത്തിനിരയായ പെൺകുട്ടിക്ക് പ്രതിയുടെ ഭീഷണിക്കത്തും

123

പീഡനത്തിന് ഇരയായ യുവതിയുടെ വീടിന് മുന്നിൽ ഭീഷണിക്കത്ത് പതിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില ബാഗ്പത് സ്വദേശി സൊഹ്റാൻ സിം​ഗിനെയാണ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനക്കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഡൽഹി കോടതിയിൽ മൊഴി കൊടുക്കരുതെന്നതായിരുന്നു ഇയാളുടെ ഭീഷണിക്കത്ത്.

കഴിഞ്ഞ വർഷം ഡൽഹി മുഖർജി ന​ഗറിൽവച്ചാണ് യുവതിയെ പ്രതി പീഡനത്തിനിരയാക്കിയത്. തന്നെയുംകൂട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോയ സൊഹ്റാൻ അവിടെവച്ച് ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകുകയായിരുന്നു.ബോധരഹിതയായ തന്നെ സൊഹ്റാൻ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് ജൂലൈയിൽ പൊലീസിൽ നൽകിയ പരാതിയിൽ യുവതി പറഞ്ഞു.

മൊബൈലിൽ പകർത്തിയ പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പ്രതി തന്നെ പീഡിപ്പിച്ചിരുന്നതായും യുവതി പരാതിയിൽ‌ ആരോപിച്ചു. സംഭവത്തിൽ യുവതിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തനിക്കെതിരെ മൊഴി നല്‍കിയാല്‍ ഉന്നാവിലെ പെൺകുട്ടി നേരിട്ടതിനെക്കാളും ഭയാനകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഭീഷണിക്കത്തിൽ പറയുന്നു.