തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി; മൂന്ന് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു; അഞ്ച് ജില്ലകളില്‍ കനത്ത മഴ

10

തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. ഗോപാല്‍പൂരില്‍ 107 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശി. മണിക്കൂറില്‍ 165 കിലോമീറ്ററാണ് കാറ്റിന്റെ പരമാവധി വേഗത. തീരപ്രദേശത്ത് നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഒഡീഷയുടെ തെക്ക്-കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഒഡീഷ തീരത്തുനിന്ന് മൂന്ന് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഉണ്ടായ അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് തിത്‌ലി ഒഡീഷ തീരത്തെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരത്തെത്തിയത്. ഒഡീഷ ആന്ധ്രപ്രദേശ് തീരത്തെത്തിയ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

ഒഡീഷയിലെ ഗോപാല്‍പൂര്‍, ആന്ധ്രപ്രദേശിലെ കലിങ്കപട്ടണം എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലിനും മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ തിത്‌ലി പിന്നീട് ശക്തിപ്രാപിക്കുകയായിരുന്നു. അടുത്ത 18 മണിക്കൂറിനകം കാറ്റിന് ഇനിയും ശക്തിയേറും. തുടര്‍ന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി പശ്ചിമബംഗാള്‍ തീരത്തേക്ക് കടന്ന് കാറ്റിന്റെ വേഗത കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.