തായ് ഗുഹയിലെ രക്ഷാപ്രവർത്തനം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നാല് കുട്ടികളും പരിശീലകനും മാത്രം

തായ് ഗുഹയില്‍ക്കുടുങ്ങിയ നാല് കുട്ടികളെക്കൂടി തിങ്കളാഴ്ച രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇതോടെ ഗുഹയ്ക്കുള്ളില്‍ നിന്നും പുറത്തെത്തിച്ച കുട്ടികളുടെ എണ്ണം എട്ടായി. ഇനി നാല് കുട്ടികളും പരിശീലകനുമാണ് ഗുഹയ്ക്കുള്ളില്‍ ഉള്ളത്.ഗുഹാമുഖത്ത് നിന്നും രണ്ട് കിലോമീറ്റര്‍ ഉള്ളിലുള്ള ചേംബര്‍ -3 എന്നറിയപ്പെടുന്ന സുരക്ഷിത സ്ഥലത്ത് ഇവരെ എത്തിച്ചെന്നാണ് വിവരം. ചൊവ്വാഴ്ച ഗുഹയില്‍ അവശേഷിക്കുന്ന അഞ്ച് പേരെ കൂടി പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്.

തിങ്കളാഴ്ച രാവിലെ രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മഴ പെയ്തത് ആശങ്ക ഉളവാക്കിയിരുന്നു. എന്നാല്‍ മഴ രക്ഷാപ്രവര്‍ത്തനത്തെ യാതൊരു രീരിയിലും ബാധിച്ചില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ചിയാങ് റായ് പ്രാവിശ്യ ഗവര്‍ണര്‍ നരോങ്സാക് ഒസാട്ടാനാകോണ്‍ പറഞ്ഞു. മഴ മാറി നിന്നിരുന്നതിനാലാണ് ഞായറാഴ്ച അടിയന്തരരക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ഞായറാഴ്ച രാത്രിയോടെ മഴ വീണ്ടും ശക്തമാവുകയായിരുന്നു. മഴവെള്ളം പുറത്തേയ്ക്ക് പമ്ബ് ചെയ്ത് കളഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മഴ തടസ്സമാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ ദൗത്യസംഘം എടുക്കുന്നുണ്ട്.

ഗുഹയ്ക്ക് പുറത്തെത്തിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്. രക്ഷപെടുത്തിയ കുട്ടികളുടെ പേരുവിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ ആരോഗ്യവാന്മാരായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചിരുന്നത്. കുട്ടികളെല്ലാവരും വൈദ്യസംഘത്തിന്റെ നിരീക്ഷണത്തിലാണ്. കുട്ടികള്‍ക്ക് അണുബാധയേല്‍ക്കാതിരിക്കാനുള്ള മുന്‍ കരുതലുകളും സ്വീകരിക്കുന്നുണ്ട്. കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന ചായാങ് റായിയിലെ ആശുപത്രിയില്‍ തായ്ലന്റ് പ്രധാനമന്ത്രി ജനറല്‍ പ്രയുത് ചനോച്ച ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു.