പാതയോരത്തെ മദ്യനിരോധന ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി; സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ ബാര്‍ തുറക്കാം

ദേശീയ, സംസ്ഥാന പാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന വിധിയില്‍ ഭേദഗതിയുമായി സുപ്രിംകോടതിയുടെ പുതിയ ഉത്തരവ്. ഉത്തരവ് പ്രകാരം ഏതൊക്കെ പഞ്ചായത്തുകളില്‍ തീരുമാനം നടപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം. ദേശീയ, സംസ്ഥാന പാതകയോരങ്ങളില്‍ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പ്പനശാല പാടില്ലെന്ന ഉത്തരവിനെതിരേ ആസാം സര്‍ക്കാരും ഇവിടുത്തെ ചില മദ്യവില്‍പ്പന ലൈസന്‍സികളുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയെ അനുകൂലിച്ച്‌ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജികളിലാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.

ഹര്‍ജികള്‍ പരിഗണിച്ച സുപ്രിംകോടതി, ഏതൊക്കെ പഞ്ചായത്തുകളില്‍ ഇളവ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പുതിയ ഉത്തരവ് വിദേശമദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കും ബാറുകള്‍ക്കും മാത്രമല്ല കള്ളുഷാപ്പുകള്‍ക്കും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കും ബാധകമാണ്.

2016 ഓഗസ്റ്റിലാണ് ദേശീയ, സംസ്ഥാന പാതകളിലെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പ്പന പാടില്ലെന്ന സുപ്രധാന ഉത്തരവ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഇതിനെതിരെ പലതവണയായി ഹര്‍ജികള്‍ പരിഗണിച്ച സുപ്രിംകോടതി കോര്‍പറേഷന്‍, മുന്‍സിപ്പല്‍ പരിധിയിലെ മദ്യവില്‍പ്പന ശാലകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ലെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ പഞ്ചായത്ത് പരിധികളിലെ നിയന്ത്രണവും എടുത്തുകളയണമെന്നായിരുന്നു ആസാം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളുടെ ഹര്‍ജികള്‍ വന്നത്. കേരളത്തിലെ മൂന്നാര്‍, തേക്കടി, കുമരകം തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ പഞ്ചായത്ത് പരിധികളിലാണ്. ഇവിടെ നിരോധനം തുടരുന്നത് ടൂറിസം മേഖലയെ ബാധിക്കുന്നുവെന്നായിരുന്നു കേരളത്തിന്റെ വാദം.