സംസ്ഥാനത്തെ റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം നൽകുന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം തുടങ്ങിയത്. വിഴിഞ്ഞത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റവതരണമാണ് നടന്നത്. തെക്കൻ കേരളത്തിൽ കപ്പൽശാല നിർമിക്കാൻ കേന്ദ്ര സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി രൂപയാണ് 2025- 2026 സാമ്പത്തിക വർഷം ചിലവഴിക്കുകയെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. ഹെൽത്ത് ടൂറിസം പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകും. ഇതിനായി 50 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
കൊല്ലം നഗരത്തിൽ ഐടി പാർക്ക് സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് അതിവേഗ റെയിൽ പാത കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയിൽ നൽകുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ചു. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പിഎഫിൽ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
മുണ്ടക്കൈ-ചൂരൽമല ദുരന്ത പുനരധിവാസത്തിനായി 750 കോടിയുടെ ആദ്യ പദ്ധതി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. 1202 കോടിയാണ് ദുരിതാഘാതം. 2025-26 ബജറ്റിലും കേന്ദ്ര സർക്കാർ വയനാടിനായി ഒന്നും പ്രഖ്യാപിച്ചിരുന്നില്ല. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാനാണ് 750 കോടിയുടെ പദ്ധതി. അധിക ഫണ്ട് ആവശ്യമായി വന്നാൽ അതും ഉപയോഗിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. സിഎംഡിആർഎഫ് ,സിഎസ്ആർ, എസ്ഡിഎംഎ, കേന്ദ്രഗ്രാൻറ്, പൊതു സ്വകാര്യമേഖലയിൽ നിന്നുളള ഫണ്ട്, സ്പോൺസർഷിപ്പ് എന്നിവ വയനാട് വികസനത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.