സ്കൂൾ തുറക്കുമ്പോൾ കെഎസ്ആര്‍ടിസി സേവനം ആവശ്യപ്പെട്ട് സ്കൂളുകൾ; ഇന്ന് വിദ്യാഭ്യാസ ഗതാഗത മന്ത്രിമാരുടെ ചർച്ച

26

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമ്പോൾ കെ എസ് ആർ ടി സിയുടെ ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സ്കൂളുകൾ .വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോ​ഗം തീരുമാനമെടുക്കും. ഗതാഗതവകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും. ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ മാത്രമാണ് സ്കൂളിൽ ക്ലാസ്. സമാന്തരമായി വിക്ടേഴ്സ് വഴിയുള്ള ക്ലാസും തുടരും. അതുകൊണ്ടുതന്നെ സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും.

നവംബർ ഒന്നിന് സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അടുത്തമാസം 20നകം സ്കൂൾ വാഹനങ്ങളുടെസുരക്ഷ ഉറപ്പാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ രണ്ട് വർഷമായി കട്ടപ്പുറത്തുളള വാഹനങ്ങളെല്ലാം തന്നെ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത നിലയിലാണ്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ ഒരു സീറ്റിൽ ഒരു കുട്ടി എന്ന കണക്കിനാകും യാത്രാ സൗകര്യം ഒരുക്കേണ്ടത്. അതിനാൽ സ്കൂൾ ബസുകൾ മാത്രം പോരാത്ത സാഹചര്യവും ഉണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് സ്കൂളുകൾ കെ എസ് ആർ ടി സിയുടെ സഹായവും തേടിയിട്ടുള്ളത്.