സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കൽ; കേന്ദ്രത്തിനു കത്തയച്ച് കേരളം; കാത്തിരിക്കുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധി

8

ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പ കേന്ദ്രസർക്കാർ വെട്ടിക്കുറച്ച സംഭവത്തിൽ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു. വായ്പ്പാ കണക്കുകൾ വിശദീകരിക്കണമെന്നാണ് കത്തിലെ ആവശ്യം. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. 32440 കോടി രൂപ വായ്പ പരിധി നിശ്ചയിച്ച് നൽകിയിരുന്നെങ്കിലും 15390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയിൽ കേന്ദ്ര സര്‍ക്കാർ കുറവുവരുത്തിയത്. ക്ഷേമ പെൻഷൻ വിതരണം അടക്കമുള്ള കാര്യങ്ങൾക്ക് സംസ്ഥാനം ഇപ്പോൾ തന്നെ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. വായ്പാ പരിധി പകുതിയോളം കുറച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നില കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങും.