തൊണ്ടി മോഷണ കേസിൽ മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്ഠൻ നായർ അറസ്റ്റിൽ. വീട്ടിൽ നിന്ന് പേരൂർക്കട പൊലീസ് ഇന്ന് പുലർച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴാണ് തൊണ്ടിമുതൽ മോഷ്ടിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ആർ ഡി ഒ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലുകളിൽ നിന്ന് 100 പവനിലേറെ സ്വർണവും വെള്ളിയുമാണ് മോഷണം പോയത്. തൊണ്ടിമുതലുകൾ കാണാതായെന്ന് കാണിച്ച് കഴിഞ്ഞ മാസം 31നാണ് സബ് കളക്ടർ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. തൊണ്ടിമുതലുകൾ മോഷണം പോയ കേസ് വിജിലൻസിന് കൈമാറാൻ റവന്യൂ വകുപ്പ് നേരത്തെ ശുപാർശ ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഉത്തരവ് വൈകുന്നതിൽ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.