മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 1000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി; ബിജെപി അധികാരദുര്‍വിനിയോഗം ചെയ്യുകയാണെന്ന് പവാർ

54

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 1000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. ആദായനികുതി വകുപ്പാണ് നടപടിയെടുത്തത്. അജിത് പവാറിന്റെ മുംബൈ നരിമാന്‍ പോയിന്റിലെ നിര്‍മല്‍ ടവര്‍ അടക്കം അഞ്ച് വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലെ വസ്തുക്കളും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരു പഞ്ചസാര ഫാക്ടറിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ വ്യാപക റെയ്ഡില്‍ അജിത് പവാറിന്റെ കൈവശമുണ്ടായിരുന്ന കണക്കില്‍പ്പെടാത്ത 184 കോടി രൂപ കണ്ടെ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞമാസം ആദായനികുതി വകുപ്പ് അജിത് പവാറിന്റെ സഹോദരിമാരുടെ വീടുകളിലും കമ്ബനികളിലും റെയ്ഡ് നടത്തിയിരുന്നു. എല്ലാ വസ്തുവകകള്‍ക്കും തങ്ങള്‍ നികുതി നല്‍കുന്നതാണെന്ന്, റെയ്ഡിന് പിന്നാലെ അജിത് പവാര്‍ പറഞ്ഞിരുന്നു. റെയ്ഡിനെ വിമര്‍ശിച്ച മുന്‍കേന്ദ്രമന്ത്രി ശരദ് പവാര്‍, ബിജെപി അധികാരദുര്‍വിനിയോഗം ചെയ്യുകയാണെന്നും ആരോപിച്ചു.