
മോഡി പരാമർശത്തിൽ സൂററ്റിലേതിന് സമാന കേസിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും കുരുക്ക്. പാറ്റ്ന കോടതിയിൽ ഹാജരാകാൻ രാഹുലിന് നോട്ടീസ് ലഭിച്ചു. രാഹുൽ ഏപ്രിൽ 12 ന് ഹാജരായി മൊഴി നൽകണം. ബി ജെ പി നേതാവ് സുശീൽ മോദി നൽകിയ പരാതിയിലാണ് നടപടി. അതേസമയം കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ തീയതി നീട്ടി ചോദിച്ചേക്കും. കോലാർ സന്ദർശനത്തിന് മുൻപ് അപകീർത്തി കേസിൽ രാഹുൽ ഗാന്ധി അപ്പീൽ ഫയൽ ചെയ്യുമെന്ന് എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി.കേസിൽ രാഹുൽ ഗാന്ധി നേരത്തെ ജാമ്യമെടുത്തിരുന്നു. സമാനമായ കേസിൽ, സൂറത്ത് മജിസ്ട്രേട്ട് കോടതി കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധിയെ രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇതിനെത്തുടർന്ന് എംപി സ്ഥാനവും നഷ്ടപ്പെട്ടിരുന്നു.
ഏപ്രില്‍ 5നാണ് രാഹുല്‍ കോലാര്‍ സന്ദര്‍ശിക്കുന്നത്. ഇതോടൊപ്പം തന്‍റെ മണ്ഡലമായ വയനാട് സന്ദർശിക്കാനും ആലോചനയുണ്ട്. നേരിട്ടെത്തി ജനങ്ങളോട് സംസാരിക്കാൻ രാഹുലിന് താൽപര്യമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മണ്ഡലത്തിൽ എത്തണമെന്ന ആവശ്യം വയനാട്ടിൽ നിന്ന് ശക്തവുമാണ്. അതേസമയം ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്‍റെ വിശദാംശങ്ങള്‍ തേടി ദില്ലി പോലീസ് നല്‍കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും.