പുതുവർഷം മുതൽ സെക്രട്ടേറിയറ്റില്‍ പഞ്ചിംഗ് നിര്‍ബന്ധം: ചെയ്തില്ലെങ്കിൽ ശമ്പളമില്ല

സെക്രട്ടേറിയറ്റില്‍ 2018 ജനുവരി ഒന്നു മുതല്‍ പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നത് നിര്‍ബന്ധമാക്കി. വിരലടയാളം ഉപയോഗിച്ച്‌ ബയോമെട്രിക് പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തണം. അല്ലാത്തപക്ഷം ജീവനക്കാര്‍ക്ക് ശമ്ബളം നഷ്ടപ്പെടും. ഇതുസംബന്ധിച്ച്‌ പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ശമ്ബളവിതരണ സോഫ്ട്വെയറായ സ്പാര്‍ക്കുമായി ഹാജര്‍ ബന്ധിപ്പിക്കുകയാണ് ചെയ്യുക. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് പുറമേ കാണുംവിധം ധരിക്കണം. ഡിസംബര്‍ 15നകം എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്ന് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിട്ടു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. തുടര്‍ച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേറെ ഓഫീസുകളില്‍ പോകുന്നവര്‍ക്ക് അവിടെയും ഹാജര്‍ രേഖപ്പെടുത്താനും കഴിയുന്ന വിധത്തിലായിരിക്കും പുതിയ സംവിധാനം.പുതിയ പഞ്ചിംഗ് മെഷീനുകള്‍ കെല്‍ട്രോണില്‍ നിന്നാണ് വാങ്ങുക.

സെക്രട്ടേറിയറ്റില്‍ 5250 ജീവനക്കാരാണ് ഉള്ളത്. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇലക്‌ട്രോണിക് പഞ്ചിംഗ് മെഷീനുകള്‍ ഉണ്ടെങ്കിലും ഹാജര്‍ നിരീക്ഷിക്കാമെന്ന പ്രയോജനം മാത്രമാണുള്ളത്. പഞ്ചിംഗ് രേഖപ്പെടുത്തിയ ശേഷം ഹാജര്‍ ബുക്കിലും ഒപ്പുവയ്ക്കണം. ഇതുനോക്കിയാണ് അവധി നിര്‍ണയിക്കുന്നത്. ഇതില്‍ ക്രമക്കേട് നടക്കാന്‍ എളുപ്പമാണ്. എന്നാല്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുമ്ബോള്‍ തട്ടിപ്പിനുള്ള സാഹചര്യം ഇല്ലാതാകുമെന്ന് മാത്രമല്ല താമസിച്ചെത്തുന്നതും നേരത്തെ മുങ്ങുന്നുതും പതിവാക്കിയവരെ പിടികൂടാനും കഴിയും.