പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി: അസമിലും ത്രിപുരയിലും വൻ പ്രതിഷേധം: സൈന്യം രംഗത്ത്

99

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും. 92-നെതിരെ 117-വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസാക്കിയത്.

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ അസമിലും ത്രിപുരയിലും കരസേനയെ വിന്യസിച്ചു. ത്രിപുരയില്‍ രണ്ട് കമ്പനി സേനയെയും അസമില്‍ ഒരു കമ്പനി സേനയെയുമാണ് വിന്യസിച്ചത്. അതിനിടെ, പ്രതിഷേധത്തെത്തുടര്‍ന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനേവാള്‍ വിമാനത്താവളത്തില്‍ അകപ്പെട്ടു. അതേസമയം, അസമില്‍ നാളെ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതിഷേധങ്ങള്‍ പലയിടത്തും അക്രമാസക്തമായ സാഹചര്യത്തിൽ ത്രിപുരയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങളെല്ലാം ബിജെപി സര്‍ക്കാര്‍ നിരോധിച്ചു. 48 മണിക്കൂര്‍ നേരത്തേയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പൗരത്വബില്ലിനെച്ചൊല്ലി പ്രക്ഷോഭങ്ങള്‍ കനത്തതോടെ അസമിന്റെ പലഭാഗങ്ങളിലും ജനജീവിതം പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്.