സാമ്പത്തിക മുരടിപ്പ് മറികടക്കാൻ പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ: വ്യാപാര മേഖലയ്ക്ക് വൻ ഇളവുകൾ

108

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ആശങ്ക വേണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമാണെന്നും ധനമന്ത്രി വ്യക്തമാക്കി. സാമ്പത്തിക രംഗത്ത് ഉണർവേകാനുള്ള നിരവധി പരിഷ്കാരങ്ങളും വാർത്താ സമ്മേളനത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള സാമ്പത്തിക വളർച്ച വളരെ ദുർബലമായിരിക്കുകയാണ്. എന്നാൽ അമേരിക്കയും ചൈനയും അടക്കമുള്ള രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ നില മെച്ചപ്പെട്ടതാണെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

ജിഎസ്ടി നിരക്കുകള്‍ ലളിതമാക്കുമെന്നും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും എയ്ഞ്ചല്‍ ടാക്‌സുകള്‍ ഒഴിവാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സാമ്പത്തിക പരിഷ്‌കാരങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി. ഇതിനായി ഉദ്യോഗസ്ഥരുടെ യോഗം ഞായറാഴ്ച്ച ചേരുമെന്നും മന്ത്രി പറഞ്ഞു.

ജിഎസ്ടി റീഫണ്ട് വൈകില്ലെന്നും, കഴിഞ്ഞ ബജറ്റില്‍ കൊണ്ടുവന്നിരുന്ന സൂപ്പര്‍ റിച്ച് ടാക്‌സില്‍ നിന്ന് വിദേശ നിക്ഷേപകരെ ഒഴിവാക്കിയതായും ധനമന്ത്രി പറഞ്ഞു. നികുതി റിട്ടേണ്‍ കൂടുതല്‍ സുതാര്യമാക്കുമെന്നും, സിഎസ്ആര്‍ വയലേഷന്‍ ക്രിമിനല്‍ കുറ്റമായി കാണില്ലെന്നും അവര്‍ വ്യക്തമാക്കി.