തൊഴിലുറപ്പ് പദ്ധതി എക്കാലവും തുടരാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് കേന്ദ്രം: ആശങ്കയിൽ തൊഴിലാളികൾ

153

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എക്കാലത്തേക്കും തുടരാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍. ലോക്‌സഭയില്‍ ധനാഭ്യര്‍ഥനാ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗ്രാമീണ റോഡുകള്‍, തോടുകള്‍, കുളങ്ങള്‍ തുടങ്ങി നിര്‍മ്മാണ മേഖലയിലടക്കം സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടായ പദ്ധതിയുടെ കടയ്ക്കലാണ് കേന്ദ്രം കത്തിവയ്ക്കാനൊരുങ്ങുന്നത്.
തൊഴിലുറപ്പു പദ്ധതിക്കുള്ള ബജറ്റ് വിഹിതം കുറഞ്ഞത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രി തൊഴിലുറപ്പ് പദ്ധതിയുടെ ഭാവി പ്രവചിച്ചത്. 2018-19 ബജറ്റ് വിഹിതവുമായാണ് ഇപ്പോഴത്തെ വിഹിതത്തെ താരതമ്യം ചെയ്യേണ്ടതെന്ന് മന്ത്രി അംഗങ്ങളോട് പറഞ്ഞു. രണ്ട് ബജറ്റുകളെയും തട്ടിച്ചുനോക്കുമ്പോള്‍ 55,000 കോടിയില്‍ നിന്ന് 60,000 കോടി ആയി വിഹിതം ഉയരുകയാണ് ചെയ്തത്. ഇപ്പോള്‍ 99 ശതമാനം പേര്‍ക്കും ബാങ്ക് വഴിയാണ് വേതനം ലഭിക്കുന്നത്. ദരിദ്രര്‍ക്കു വേണ്ടിയുള്ളതാണ് ഈ പദ്ധതി. ദാരിദ്ര്യത്തെത്തന്നെ ഇല്ലാതാക്കലാണ് മോഡി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും തോമര്‍ പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന തൊഴിലുറപ്പ് തൊഴിലാളികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.