വൈത്തിരി പോലീസ് -മാവോയിസ്റ്റ് ഏറ്റുമുട്ടൽ: പോലീസിനെ വെട്ടിലാക്കി റിസോർട്ട് മാനേജരുടെ വെളിപ്പെടുത്തൽ:

പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസിന്റെ വാദം പൊളിക്കുന്ന തരത്തില്‍ റിസോര്‍ട്ട് മാനേജറുടെ വെളിപ്പെടുത്തല്‍. മാവോയിസ്റ്റുകളല്ല പൊലീസാണ് ആദ്യം വെടിവെച്ചത്. പൊലീസ് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ പറഞ്ഞു. മാവോയിസ്റ്റുകള്‍ പ്രകോപനം സൃഷ്ടിച്ചില്ലെന്ന് റിസോര്‍ട്ടിലെ ജീവനക്കാരും മൊഴിനല്‍കി.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് സി.പി. ജലീലിന് വെടിയേറ്റത് പിന്നില്‍ നിന്നാണെന്നും വ്യക്തമായിട്ടുണ്ട്. റിസോര്‍ട്ടിനുപുറത്ത് നിര്‍മ്മിച്ച വാട്ടര്‍ഫൗണ്ടന് സമീപം കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പിറകില്‍നിന്ന് വെടിയേറ്റ് ഉണ്ട കണ്ണിനുസമീപം തുളച്ച് കടന്നുപോയ നിലയിലായിരുന്നു. കൈക്കും വെടിയേറ്റു. ഒട്ടേറെ വെടിയുണ്ടകള്‍ ശരീരം തുളച്ചു കയറി. പൊലീസും തണ്ടര്‍ബോള്‍ട്ടും എങ്ങനെ സ്ഥലത്തെത്തിയെന്ന് അറിയില്ലെന്ന മൊഴി കൂടി പുറത്തുവരുമ്പോഴാണ് ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.