മധുവിന്റെ മരണം ആന്തരികരക്തസ്രാവം മൂലം: 8 പേർ അറസ്റ്റിൽ: പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ മരണത്തിന് കാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. നെഞ്ചില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. വാരിയെല്ലുകള്‍ തകര്‍ന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേസിലെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് തൃശൂര്‍ റേഞ്ച് ഐജി അറിയിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ബലറാമിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍. പൊലീസിന്റെ കൂടി സാന്നിദ്ധ്യത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം പൂര്‍ണമായും കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.