ലജ്ജിക്കുക കേരളമേ: അട്ടപ്പാടിയില്‍ ശവസംസ്‌കാരത്തിൽ ജാതിവിവേചനം: വിലക്ക് പട്ടിക ജാതിക്കാരോട്

35

 

പാലക്കാട്പട്ടിക ജാതിക്കാരുടെ മൃതദേഹം പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിന് വിലക്ക്. അട്ടപ്പാടിയിലാണ് കേരളത്തെ ലജ്ജിപ്പിക്കുന്ന സംഭവം നടന്നത്. അട്ടപ്പാടി പുതര്‍ ശ്മശാനത്തിലാണ് പട്ടിക ജാതിക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് മേല്‍ ജാതിക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പഞ്ചായത്ത് ഭരണ സമിതി ജാതിവിവേചനം അവാസനിപ്പിക്കാനുള്ള നടപടിയെടുക്കാതെ, മൃതദേഹം പുറമ്പോക്ക് ഭൂമിയില്‍ സംസ്‌കാരം നടത്താന്‍ ആവശ്യപ്പെട്ടു. സിപിഐ നേതൃത്വത്തിലാണ് പഞ്ചായത്ത് ഭരണസമിതി.

ഏഴ് മാസം മുമ്പ് മരിച്ച അട്ടപ്പാടി ഉമ്മത്തും പടിയിലെ പട്ടിക ജാതിയില്‍ വിഭാഗത്തില്‍പ്പെട്ട ശകുന്തളയുടെ മൃതദേഹമാണ് സംസ്‌കരിക്കുന്നതിന് ജാതി വിലക്ക് നേരിട്ടത്. വന ഭൂമിയിലായിരുന്നു പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയിരുന്നത്.

എന്നാല്‍ വനം വകുപ്പ് മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന് അറിയിച്ചതോടെയാണ് പ്രതിസന്ധികള്‍ ആരംഭിച്ചത്. അന്ന് ശകുന്തളയുടെ മൃതേദഹവുമായി ബന്ധുക്കള്‍ ആദ്യം എത്തിയത് പൂതൂര്‍ പൊതു ശ്മശാനത്തിലാണ്. എന്നാല്‍ ശകുന്തളയുടെ മൃതേദേഹം സംസ്‌കരിക്കാന്‍ മേല്‍ ജാതിക്കാര്‍ അനുവദിച്ചില്ല.

തുടര്‍ന്ന് സിപിഐ നേതൃത്വത്തില്‍ ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് കണ്ടെത്തിയ പരിഹാരം പുറംമ്പോക്ക് ഭൂമിയില്‍ സംസ്‌കാരം നടത്താനായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊതു ശ്മശാനത്തിന് നേതൃത്വം നല്‍കുന്ന കമ്മിറ്റിയെ സമീപിച്ചപ്പോള്‍ കീഴ്ജാതിക്കാരെ കൂടെ കൂട്ടാനാവില്ലെന്നായിരുന്നു മറുപടി. ഏഴ് മാസത്തിന് ശേഷവും പുറമ്പോക്ക് ഭൂമിയില്‍ സംസ്‌കാരം നടത്തിയതിന് ശകുന്തളയുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.