സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ മരിച്ച ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം യന്ത്രത്തകരാറോ അട്ടിമറിയോ അല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മോശം കാലാവസ്ഥ മൂലം ഹെലികോപ്റ്റര്‍ മേഘങ്ങളില്‍ കുടുങ്ങി ഭൂപ്രദേശത്ത് ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ട്. താഴ്‌വരയിലെ കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത വ്യതിയാനം മൂലം ഹെലികോപ്റ്റര്‍ മേഘങ്ങളില്‍ പ്രവേശിച്ചതാണ് അപകടത്തിന് കാരണമായത്. ഇത് പൈലറ്റിനെ സ്‌പേഷ്യല്‍ ഡിസോറിയന്റേഷനിലേക്ക് നയിച്ചു. തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങാന്‍ കാരണമായി. ഇന്ത്യന്‍ വ്യോമസേന പ്രസ്താവനയില്‍ പറഞ്ഞു. ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും അന്വേഷണ സംഘം വിശകലനം ചെയ്തു. കൂടാതെ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ലഭ്യമായ എല്ലാ സാക്ഷികളെയും ചോദ്യം ചെയ്തു. മെക്കാനിക്കല്‍ തകരാര്‍, അട്ടിമറി അല്ലെങ്കില്‍ അശ്രദ്ധ എന്നിവ അപകട കാരണമല്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.അപകടകാരണം സംബന്ധിച്ച പ്രാഥമിക കണ്ടെത്തലുകള്‍ അന്വേഷണ സംഘം പ്രതിരോധ മന്ത്രിക്ക് കഴിഞ്ഞ ആഴ്ച സമര്‍പ്പിച്ചിരുന്നു.