കൂടത്തായി കൊലപാതകം: അന്വേഷണം ജോളിയുടെ ഉറ്റസുഹൃത്തായ യുവതിയിലേക്ക് !

100

കൂടത്തായി കൊലപാതക കേസിൽ അന്വേഷണം മുഖ്യപ്രതി ജോളിയുടെ ഉറ്റസുഹൃത്തായ യുവതിയിലേക്കും . എന്‍ഐടി പരിസരത്തുണ്ടായിരുന്ന തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. ജോളിയുടെ എന്‍ഐടിയിലെ വ്യാജ ഉദ്യോഗവും വസ്തു ഇടപാടുകളെ കുറിച്ചും ഈ യുവതിക്ക് വ്യക്തമായി അറിയാമെന്നാണ് പൊലീസ് കരുതുന്നത്. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നും യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.

ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോല്‍സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്. എന്നാല്‍, യുവതിയെ കുറിച്ച് കൂടുതലൊന്നും പറയാന്‍ ജോളി തയ്യാറായിട്ടില്ല. അറസ്റ്റിനു ശേഷം മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ ലഭിച്ചത്.