കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിന്റെ ബോഗി കത്തിനശിച്ചതില്‍ അട്ടിമറി സംശയിച്ച് റെയില്‍വേ പൊലീസ്. കോഴിക്കോട് എലത്തൂരില്‍ ഷാറുഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. എന്‍ജിന്‍ വേര്‍പെടുത്തിയ ശേഷം ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ ബോഗിയില്‍ തീപിടിത്തമുണ്ടായതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉടൻ തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തും. രാത്രി ഒന്നരയോടെയാണ് സംഭവം. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം എട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. ആര്‍ക്കും പരിക്കില്ല. തീയിട്ടതെന്നു സംശയിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു. എന്‍ജിന്‍ വേര്‍പെടുത്തിയ ശേഷം ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചില്‍ തീപിടിത്തം ഉണ്ടായതാണ് അട്ടിമറി സംശയിക്കാന്‍ കാരണം.
രാത്രി പതിനൊന്നോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനിന്റെ ഒരു ബോഗിയാണ് പൂര്‍ണമായും കത്തിനശിച്ചത്. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്‌നിശമന സേനാ സംഘം ഏറെ നേരം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്‍ജിനുമായി ബന്ധമില്ലാത്ത സ്ഥിതിക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത കുറവാണെന്നാണ് റെയില്‍വേ പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത പൂര്‍ണമായും റെയില്‍വേ പൊലീസ് തള്ളുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.