HomeNewsShortകേരള കോൺഗ്രസ്‌ (എം)ചെയർമാൻ കെ.എം മാണി അന്തരിച്ചു: അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

കേരള കോൺഗ്രസ്‌ (എം)ചെയർമാൻ കെ.എം മാണി അന്തരിച്ചു: അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

ശ്വാസകോശ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കോൺഗ്രസ്‌ ചെയർമാൻ കെ എം മാണി അന്തരിച്ചു. ഇന്ന് വൈകിട്ട് 4.57 ന് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘ നാൾ ആയി ശ്വാസകോശ രോഗത്തിന് ചികിത്സയിൽ ആയിരുന്നു കെ എം മാണി. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു. 

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കെ എം മാണിയുടെ ആരോഗ്യനില ഇന്നലത്തേക്കാളും 20 ശതമാനം മെച്ചപ്പെട്ടതായി ഡോക്ടർമാർ രാവിലെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മരണം.

തോൽവിയറിയാതെ ഒരേ മണ്ഡലത്തിൽ നിന്ന‌് നിയമസഭയിൽ അരുനൂറ്റാണ്ട‌് തികച്ച നേതാവാണ‌് മാണി. പാലാ മരങ്ങാട്ടുപള്ളി കരിങ്ങോഴയ‌്ക്കൽ തോമസ‌് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 നാണ‌് ജനനം. സ‌്കൂൾ വിദ്യാഭ്യാസം മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കുറവിലങ്ങാട‌്, പാലാ എന്നിവിടങ്ങളിൽ. തൃശ്ശിനാപ്പള്ളി സെന്റ‌് ജോസഫ‌്‌സ‌്, തേവര സേക്രഡ‌് ഹാർട്ട‌് എന്നീ കോളേജുകളിലായി സർവകലാശാലാ വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ‌് ലോ കോളേജിൽ നിന്ന‌് 1955 -ൽ നിയമ ബിരുദം നേടി. മദ്രാസ‌് ഹൈക്കോടതിയിൽ 1956 ൽ എൻറോൾ ചെയ‌്തു. പിൽക്കാലത്ത‌് ഹൈക്കോടതി ജഡ‌്ജിയായ അഡ്വ. പി ഗോവിന്ദ മേനോന്റെ ജൂനിയറായി കോഴിക്കോട‌് ജില്ലാ കോടതിയിൽ പ്രാക്ടീസ‌് ആരംഭിച്ചു. പാലാ സബ‌്കോർട്ടിലും കോട്ടയം ജില്ലാ കോടതിയിലും പ്രാക്ടീസ‌് ചെയ‌്തിട്ടുണ്ട‌്.

1958 -ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ‌്ട്രീയ രംഗത്തേക്ക‌്. കെപിസിസി അംഗവും കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായി. 1964 -ൽ കോൺഗ്രസിൽ നിന്ന‌് തെറ്റിപ്പിരിഞ്ഞ‌് മുതിർന്ന നേതാക്കൾ രൂപീകരിച്ച കേരളാ കോൺഗ്രസ‌് പാർടിയിലെത്തി. പിന്നീട‌് കേരള കോൺഗ്രസിന്റെ അനിഷേധ്യ നേതൃനിരയിലേക്കും.1979ൽ പാർടിയിൽ ആദ്യ ചേരിതിരിവ‌്. പി ജെ ജോസഫുമായി തെറ്റി. കെ എം മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ‌് എം രൂപീകൃതമായി. അന്നുമുതൽ ഇന്നുവരെ പാർടിയുടെ ചെയർമാൻ. ഇക്കാലത്തിനിടെ പല പിളർപ്പുകളും ലയനങ്ങളും പാർടി കണ്ടു. വ്യക്തി പാർടിയെന്ന വിമർശനം നേരിടാൻ ‘അധ്വാനവർഗ സിദ്ധാന്തം’ രചിച്ച‌് ആശയാവിഷ‌്ക്കാരം നൽകാനും അദ്ദേഹം ശ്രമിച്ചു.

പാലാ നിയമസഭാ നിയോജക മണ്ഡലം നിലവിൽ വന്ന 1965 -നു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പാലായുടെ എംഎൽഎ ആയി. തുടർച്ചയായി 54 വർഷം പാലായെ പ്രതിനിധീകരിച്ചു. രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തിലെ തന്നെ റെക്കോഡാണിത‌്. അടിയന്തരാവസ്ഥക്കാലത്ത‌് 1975 -ൽ സപ‌്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980 -ൽ ഇ കെ നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി. പിന്നീട‌് ആ സ്ഥാനത്തും റെക്കോർഡ‌്. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധന മന്ത്രിയെന്ന റെക്കോർഡ് പേരുനേടി. 13 എണ്ണം. കൈവയ‌്ക്കാത്ത വകുപ്പുകൾ അപൂർവ്വം. ആഭ്യന്തരം, നിയമം, റവന്യു, ജലസേചനം, വൈദ്യുതി, നഗര വികസനം, ഇൻഫർമേഷൻ, ഹൗസിങ‌് തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ‌്തു. കേരളത്തിൽ ഏറ്റവുമധിക കാലം മന്ത്രിയായിരുന്നതും കെ എം മാണിയാണ‌്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments