HomeNewsShortഐ എസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യ?

ഐ എസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യ?

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഇന്ത്യയെയും ലക്ഷ്യമിടുന്നു . കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും മഹാരാഷ്ട്രയും ബംഗാളും ഐ.എസ്. ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണവൃത്തങ്ങള്‍ക്ക് വിവരം ലഭിച്ചു. ലഷ്‌കര്‍ ഇ തോയ്ബ, ഇന്ത്യന്‍ മുജാഹിദീന്‍ തുടങ്ങിയ പാക് അനുകൂല തീവ്രവാദിസംഘടനകളുടെ ശൃംഖല ഐ.എസ്. ഉപയോഗപ്പെടുത്തിയേക്കുമെന്ന് രഹസ്യാന്വേഷണവൃത്തങ്ങള്‍ കരുതുന്നു. ഐ.എസ്സുമായി ബന്ധമുള്ളവരെയും അനുകൂലികളെയും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പാക് ചാരസംഘടനയായ ഐ.എസ്.ഐ. ഉപയോഗപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരുടെ ഇടയില്‍ നുഴഞ്ഞുകയറാനും ഇവര്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഐ.എസ്. ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും വ്യക്തമാക്കി. രാജ്യത്ത് അതീവ ജാഗ്രതപാലിക്കാനും സുരക്ഷാ ഏജന്‍സികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സുരക്ഷാസന്നാഹങ്ങള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളോടും ആവശ്യപ്പെട്ടു. ഐ.എസ്സുള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെ നിരീക്ഷിക്കണം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികളും സുരക്ഷാ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു.

ഡല്‍ഹിയില്‍ ഏഷ്യാ ലീഡേഴ്‌സ് സമ്മേളനവും രണ്ടാമത് ഐ.എസ്.ഡി.ആര്‍. ഏഷ്യാ പാര്‍ട്ട്ണര്‍ഷിപ്പ് സമ്മേളനവും ഉദ്ഘാടനംചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ആഭ്യന്തരമന്ത്രി ഐ.എസ്. ഭീഷണി സ്ഥിരീകരിച്ചത്. ഐ.എസ്സിനെ നേരിടാനുള്ള മുന്‍കരുതല്‍ രാജ്യം സ്വീകരിച്ചുവരികയാണ്. ഇസ്ലാമിക് സ്റ്റേറ്റ് ലോകത്തിന് വെല്ലുവിളിയാണ്. ഇത് നേരിടാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments