വനിതാ മതിലിൽ മനിന്നും കുട്ടികളെ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി ബാലവകാശ കമ്മീഷന്‍

51

വനിതാ മതിലില്‍ കുട്ടികള്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബാലാവകാശ കമ്മീഷന്‍ രംഗത്ത്. ഹൈക്കോടതി ഉത്തരവ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു. പതിനെട്ട് വയസ്സില്‍ താഴെയുള്ളവരെ വനിതാമതിലില്‍ പങ്കെടുപ്പിക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ തീരുമാനം എടുക്കുംമുമ്പ് കുട്ടികളെയോ അല്ലെങ്കില്‍ ബാലാവകാശ കമ്മീഷനെയോ സമീപിക്കണമായിരുന്നുവെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

ഹൈക്കോടതിയുടേത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ തീരുമാനമാണ്. ഉത്തരവ് ഹൈക്കോടതി തിരുത്തണം. കുട്ടികള്‍ക്കും സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ട്. അന്താരാഷ്ട്രനിയമങ്ങള്‍ പോലും അത് വ്യക്തമാക്കുന്നുണ്ടെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരേ മേല്‍നടപടി സ്വീകരിക്കാനാണ് ബാലാവകാശക്കമ്മീഷന്റെ തീരുമാനം.വനിതാ മതിലില്‍ ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.