ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി; കേരളത്തിലുടനീളം കനത്ത ജാഗ്രതാ നിർദേശം; ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാർ

കേരള തീരത്ത് ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം കനത്ത ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിയ്ക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം ശക്തമായി നിലനില്‍ക്കുന്നുവെന്നും തീരത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരത്തുനിന്ന് 390 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറന്‍ മേഖലയിലാണ് തീവ്ര ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം ഈ മാസം 15 വരെ നീട്ടിയതായി മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചേര്‍ന്ന സംസ്ഥാനദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടിവ് യോഗത്തിന്റേതാണ് തീരുമാനം. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒരു മത്സ്യത്തൊഴിലാളിയും കടലില്‍ പോകരുത്. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴക്കും സാധ്യത ഉണ്ട്. തീവന്യൂനമര്‍ദ്ദം അതിതീവ്രന്യൂനമര്‍ദ്ദമായേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്റ്റര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ തീരദേശദുരിതാശ്വാസക്യാമ്ബുകളും തയ്യാറാക്കി വയ്ക്കണമെന്നും ദുരിതാശ്വാസക്യാമ്ബുകളുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കൈയ്യില്‍ സൂക്ഷിക്കാനും മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്.

അടിയന്തിരഘട്ടങ്ങളെ നേരിടാന്‍ കെഎസ്‌ഇബി ഓഫീസുകള്‍ സജ്ജമാക്കാനും തീരദേശതാലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 15 വരെ പ്രവര്‍ത്തിക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്ബര്‍ അപായ സൂചന ഉയര്‍ത്തി. കടല്‍ പ്രക്ഷുബ്ധമാണെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കടലില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. കടലിലുളള ബോട്ടുകള്‍ കരയ്ക്കെത്തിക്കാന്‍ ശ്രമം ആരംഭിച്ചു. ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായ പശ്ചാത്തലത്തില്‍ തീരദേശ മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുടങ്ങാനും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും നിര്‍ദേശമുണ്ട്.