ഹാരിസൺ കേസ്: നിയമനടപടികള്‍ മരവിപ്പിച്ച് സര്‍ക്കാര്‍; തോട്ടങ്ങൾ പോക്കുവരവ് ചെയ്യാനുള്ള ശ്രമങ്ങൾ സജീവം

79

ഹാരിസണ്‍സ് കേസില്‍ നിയമനടപടികള്‍ മരവിപ്പിച്ച് സര്‍ക്കാര്‍. ഹാരിസണിന്റെ കൈവശമുളള ഭൂമിയില്‍ ഉടമസ്ഥത തെളിയിക്കാനായി സിവില്‍ കോടതികളെ സമീപിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പാട്ടക്കരാര്‍ ലംഘിച്ച് ഹാരിസണ്‍സ് മറിച്ചുവിറ്റ തോട്ടങ്ങള്‍ ഉപാധികളില്ലാതെ പോക്കുവരവ് ചെയ്യാനുള്ള ശ്രമങ്ങളും തുടരുകയാണ്.

സംസ്ഥാനത്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന 78000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയത് 2018 ഏപ്രില്‍ 11നാണ്. കേരള ഭൂസംരക്ഷണ നിയമം അനുസരിച്ച് ഹാരിസണിന്റെ കൈവശമുളള ഭൂമി ഒഴിപ്പിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.

എന്നാല്‍ ഭൂമിയുടെ ഉടമസ്ഥത ആര്‍ക്കെന്ന് കോടതി വ്യക്തമാക്കിയിരുന്നില്ല. സര്‍ക്കാരിന് അവകാശമുണ്ടെങ്കില്‍ സിവില്‍ കോടതികളെ സമീപിക്കാമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. പക്ഷേ ഇത്തരമൊരു നടപടിക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹാരിസണില്‍ നിന്ന് 205 ഏക്കര്‍ ഭൂമി വാങ്ങിയ കൊല്ലം തെന്‍മലയിലെ റിയ എസ്റ്റേറ്റ് ഭൂമി പോക്കുവരവ് ചെയ്യാനായി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു. ഈ ഭൂമി പോക്കുവരവ് ചെയ്യാനുളള നീക്കങ്ങളാണ് ഇപ്പോള്‍ സജീവം.