ജിഡിപി വളർച്ച രാജ്യം കണ്ട ഏറ്റവും കുറഞ്ഞ നിരക്കിൽ: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ റിപ്പോർട്ട്‌ പുറത്ത്

29

ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് രണ്ടാം പാദത്തിൽ 5 ശതമാനത്തിൽ താഴെയായി. 4.5 ശതമാനമാണ് രണ്ടാം പാദത്തിലെ വളർച്ച നിരക്ക്. 26 പാദത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. അതായത് 2013 ജനുവരി-മാർച്ച് പാദത്തിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 30 ന് അവസാനിച്ച മൂന്ന് മാസത്തെ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്കാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ടത്. ജിഡിപി വളർച്ച രണ്ടാം പാദത്തിൽ സ്ഥിരത കൈവരിക്കുമെന്നാണ് സർക്കാർ കരുതിയിരുന്നെങ്കിലും ഇത്തവണയും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2019-20 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ അഞ്ച് ശതമാനം വളർച്ചയാണ് കൈവരിച്ചത്. ആറ് വർഷത്തിനിടയിലെ ഏറ്റവും വേഗത കുറഞ്ഞ വളർച്ചയായിരുന്നു ഇത്. ഇത്തവണ വിവിധ റേറ്റിംഗ് ഏജൻസികളും ധനകാര്യ സ്ഥാപനങ്ങളും രണ്ടാം പാദ വളർച്ച 4.2 മുതൽ 4.9 ശതമാനം വരെയാണ് പ്രതീക്ഷിച്ചിരുന്നത്.