മള്‍ട്ടിപ്ലക്‌സ് തീയറ്ററിനുള്ളില്‍ പുറത്തുനിന്നുള്ള ഭക്ഷണം കയറ്റാത്തത് എന്തുകൊണ്ട്? വിശദീകരണം തേടി ഹൈക്കോടതി

മള്‍ട്ടിപ്ലക്‌സ് തീയറ്ററുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊണ്ടുവന്നാല്‍ ഉണ്ടാകുന്ന സുരക്ഷാ പ്രശ്‌നം വിശദീകരിക്കാന്‍ സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി . തീയറ്ററിനുള്ളില്‍ പുറത്തു നിന്നും ഭക്ഷണം കൊണ്ടു വന്നാല്‍ സുരക്ഷാ പ്രശ്‌നമുണ്ടെന്നുള്ള മഹാരാഷ്ട്രസര്‍ക്കാരിന്റെ അഭിപ്രായത്തിനെതിരെയാണ് ഹൈക്കോടതിയുടെ ഈ ചോദ്യം.

പൊതു സ്ഥലങ്ങളിലും വിമാനങ്ങളിലും ജനങ്ങള്‍ ഭക്ഷണം കൊണ്ടു പോകുന്നുണ്ടെന്നും കോടതി സര്‍ക്കാരിനെ ഒര്‍മ്മിപ്പിച്ചു. അവിടെയൊന്നും ഇല്ലാത്ത എന്ത് സുരക്ഷാ വീഴ്ചയാണ് ഇതിലൂടെ തീയറ്ററുകളില്‍ ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചു. മള്‍ട്ടി പ്ലക്‌സ് തീയറ്ററുകളിലും മറ്റും പുറത്തു നിന്നുള്ള ഭക്ഷണവും, വെള്ളവും അനുവദിക്കാത്തതിനെതിരെ ജിനേന്ദ്ര ബാക്‌സി എന്നയാള്‍ ഹര്‍ജിയില്‍ നല്‍കിയിരുന്നു. ഒരു പൗരന്റെ മൗലിക അവകാശങ്ങള്‍ ഇതിലൂടെ നിഷേധിക്കപ്പെടുന്നെന്ന് ബാക്‌സി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.