കൊളംബിയയിൽ വിമാനം തകർന്നു വീണു മുഴുവൻ യാത്രക്കാരും മരിച്ചു; അപകടം സാങ്കേതിക തകരാർ മൂലം

കൊളംബിയയിൽ വിമാനാപകടത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. കൊളംബിയയിലെ സാന്‍ മാര്‍ട്ടിനിലാണ് സംഭവം. ചെറുവിമാനത്തില്‍ 12 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നതെന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. 30 സീറ്റുള്ള വിമാനം സാങ്കേതിക തകരാര്‍ മൂലമാണ് തകര്‍ന്നതെന്നാണ് വിവരം. മെറ്റാ പ്രവിശ്യയില്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10.40 നാണ് വിമാനം തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസി 3 വിമാനമാണ് തകര്‍ന്ന് വീണത്.

കൊളംബിയന്‍ നഗരമായ വില്ലാവിസെന്‍സിയോയില്‍ നിന്ന് ബ്രസീല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തരെയ്‌റ നഗരത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനമാണ് ഇത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിമാനം മോശം കാലാവസ്ഥ മൂലം സാന്‍ ജോസ് വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിച്ചിരുന്നു. റഡാറില്‍ നിന്ന് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് നടന്ന തിരച്ചിലില്‍ ഒരുമണിക്കൂര്‍ കഴിഞ്ഞ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.