HomeNewsShortമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. 1928 ഡിസംബര്‍ രണ്ടിന് കൊല്ലം എഴുകോണ്‍ ഇടയിലഴികത്ത് ഈശ്വര പിള്ളയുടേയും മുട്ടത്തുവയലില്‍ മീനാക്ഷിയമ്മയുടേയും മകനായാണ് ഇ.ചന്ദ്രശേഖരന്‍ നായര്‍ ജനിച്ചത്. കൊട്ടാരക്കര സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍, സര്‍ക്കാര്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സംസ്കൃത ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഗോദവര്‍മ തിരുമുല്‍പ്പാടിന്റെ കീഴില്‍ സംസ്കൃതം പഠിച്ചു. ഇ.എസ്.എല്‍.സിക്ക് ശേഷം ചങ്ങനാശേരി എസ്.ബി കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. തുടര്‍ന്ന് അണ്ണാമല സര്‍വകലാശാലയില്‍ നിന്നും ഗണിതശാസ്ത്രത്തിലും എറണാകുളം ഗവണ്‍മെന്റ് ലാ കോളെജില്‍ നിന്ന് നിയമ ബിരുദവും നേടി. ഇതിനിടെ,​ അച്ഛന്‍ സ്ഥാപിച്ച ഹൈസ്കൂളില്‍ ഹെഡ്മാസ്റ്ററായും ഗണിതാദ്ധ്യാപകനായും ജോലി ചെയ്തു. നിയമപഠനത്തിന് ശേഷവും അധ്യാപകവൃത്തി തുടര്‍ന്നു.

6 തവണ എംഎല്‍എയും 3 തവണ മന്ത്രിയുമായിട്ടുണ്ട്. 1952ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. പാര്‍ട്ടിയുടെ കൊട്ടാരക്കര ടൗണ്‍ സെല്‍ സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, താലൂക്ക് സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.1957ലും 67ലും കൊട്ടാരക്കരയില്‍ നിന്നും 77ലും 80ലും ചടയമംഗലത്ത് നിന്നും 87ല്‍ പത്തനാപുരത്തുനിന്നും 1996ല്‍ കരുനാഗപള്ളിയില്‍ നിന്നുമടക്കം 19 വര്‍ഷം നിയമസഭയില്‍ അംഗമായി. മുഖ്യമന്ത്രി സി.അച്യുതമേനോന് നിയമസഭാംഗമാകുന്നതിന് വേണ്ടി 1970ല്‍ കൊട്ടാരക്കരയില്‍ നിന്നുള്ള നിയമസഭാംഗത്വം രാജിവച്ചു.

1980- 81ല്‍ ഭക്ഷ്യ,​ പൊതുവിതരണ,​ ഭവന നിര്‍മാണ വകുപ്പ് മന്ത്രിയായി. 1987- 91ല്‍ ഭക്ഷ്യപൊതുവിതരണം,​ മൃഗസംരക്ഷണം,​ ക്ഷീരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1996- 2001ല്‍ ഭക്ഷ്യപൊതുവിതരണം ഉപഭോക്തൃകാര്യം,​ വിനോദസഞ്ചാരവികസനം,​ നിയമം,​ മൃഗസംരക്ഷണം,​ ക്ഷീരവികസനം,​ ക്ഷീരവികസന സഹകരണ സംഘങ്ങള്‍ എന്നീ വകുപ്പുകളുടെയും മന്ത്രിയായിരുന്നു. സി.പി.ഐയുടെ മുഖപത്രമായ ജനയുഗത്തിന്റെ മാനേജിംഗ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇടപെടല്‍ എന്ന പംക്തി ഏറെ ശ്രദ്ധ നേടിയിരുന്നു.

അഞ്ചാം കേരള നിയമസഭയുടെ ഒന്നും രണ്ടും നാലും ആറും സമ്മേളനങ്ങളില്‍ പാനല്‍ ഒഫ് ചെയര്‍മാന്‍ ആയിരുന്നു. 1980ല്‍ നിയമസഭ വിഷയനിര്‍ണയ സമിതികള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെയും 1999 നിയമസഭ വിഷയ നിര്‍ണയ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നത് സംബന്ധിച്ച്‌ പഠിക്കാന്‍ നിയോഗിച്ച സമിതി ചെയര്‍മാനും ചന്ദ്രശേഖരന്‍ നായരായിരുന്നു. 1957ല്‍ ഒന്നാം കേരള നിയമസഭയില്‍ ഭൂപരിഷ്കരണ ബില്ലിന്റെ സെലക്‌ട് കമ്മിറ്റി അംഗമായിരുന്നു. 67ല്‍ മൂന്നാം കേരള നിയമസഭയില്‍ ഭൂപരിഷ്കരണ ബില്ലിന്റെയും സര്‍വകലാശാലാ ബില്ലിന്റെയും സെലക്‌ട് കമ്മിറ്റി അംഗമായി. മൂന്നാം കേരള നിയമസഭയുടെ ഒന്നും രണ്ടും സമ്മേളനങ്ങളില്‍ പാനല്‍ ഒഫ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് ചന്ദ്രശേഖരന്‍ നായര്‍ ചെയര്‍മാനായി നിയോഗിച്ച സമിതിയുടെ ശുപാര്‍ശ അനുസരിച്ചായിരുന്നു സഹകരണ ബാങ്കുകള്‍ സ്ഥാപിച്ചത്. ചന്ദ്രശേഖരന്‍ നായര്‍ നാഷണല്‍ കോഓപ്പറേറ്റീവ് യൂണിയന്റെ വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് തിരുവനന്തപുരത്തെ കോ ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചത്.

സഹകരണ ബാങ്കിംഗ് രംഗത്തെ കുലപതിയായാണ് ചന്ദ്രശേഖരന്‍ നായര്‍ അറിയപ്പെടുന്നത്. നാല് പതിറ്റാണ്ടോളം സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ചു. 1976ല്‍ സംസ്ഥാനത്ത് സഹകരണ നിക്ഷേപ സമാഹരണത്തിന് തുടക്കം കുറിച്ചത് ചന്ദ്രശേഖരന്‍ നായരാണ്, സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നപ്പോഴായിരുന്നു അത്. ദേശീയ ഗ്രാമീണ വികസന ബാങ്ക് (നബാര്‍ഡ്) രൂപീകരിക്കുന്നത് സംബന്ധിച്ച്‌ പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതിയിലെ ഏക അനൗദ്യോഗിക അംഗം ചന്ദ്രശേഖരന്‍ നായര്‍ ആയിരുന്നു. കേരളത്തില്‍ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കുകള്‍ സ്ഥാപിച്ചത് ഇ.ചന്ദ്രശേഖരന്‍ മുന്‍കൈ എടുത്താണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments