പൊലീസിലെ ക്രമക്കേട്: ഡിജിപിയെ സംരക്ഷിച്ച് സർക്കാർ: ഒഴിയുകയോ അവധിയിൽ പോവുകയോ ചെയ്യില്ല

77

പൊലീസിലെ ക്രമക്കേടുകൾ സി.എ.ജി കണ്ടെത്തിയത് പ്രതിസന്ധിയിലാക്കിയെങ്കിലും, ലോക്‌നാഥ് ബെഹറ പൊലീസ്‌ മേധാവി പദവി ഒഴിയുകയോ അവധിയിൽ പോവുകയോ ചെയ്യില്ലെന്ന് സൂചന. മുഖ്യമന്ത്റിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന് പൂർണ സംരക്ഷണം സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. അവധിയിൽ പ്രവേശിക്കാൻ ബെഹറ സന്നദ്ധനായെന്നും മുഖ്യമന്ത്റി വിലക്കിയെന്നും വിവരമുണ്ട്.

തോക്കുകൾ നഷ്ടമായിട്ടില്ലെന്നും രജിസ്​റ്ററിലെ പ്രശ്‌നമാണെന്നും ബെഹറ മുഖ്യമന്ത്റിയെ ധരിപ്പിച്ചു. 2011ഫെബ്രുവരി 14ന് 25റൈഫിളുകൾ ക്യാമ്പിലേക്ക് നൽകിയെന്നും 2013 ഒക്ടോബർ 23ന് തിരിച്ചെത്തിച്ചെന്നുമുള്ള രേഖകളാണ് ഡി.ജി.പി മുഖ്യമന്ത്റിക്ക് സമർപ്പിച്ചത്. ഇക്കാര്യം രജിസ്​റ്ററിൽ ഉൾപ്പെടുത്തുന്നതിൽ പൊലീസുകാർക്ക് വീഴ്ചയുണ്ടായി. സി.എ.ജി റിപ്പോർട്ട് പരിശോധിക്കുന്ന നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മി​റ്റിയെ ഇക്കാര്യം അറിയിക്കാൻ മുഖ്യമന്ത്റി നിർദ്ദേശിച്ചു. കമ്മി​റ്റിക്ക്‌ തോക്കുകൾ പരിശോധിക്കാനും അവസരമൊരുക്കണം. ഇപ്പോൾ പൊലീസ്‌ മേധാവി അവധിയിൽ പോയാൽ സർക്കാരിന്റെ പ്രതിച്ഛായയെ അത് ബാധിക്കുമെന്നും മുഖ്യമന്ത്റി വിശദീകരിച്ചു.