സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്നു; ഇടുക്കിയിൽ ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ റെഡ് അലെര്‍ട്ട്; ചെറുതോണി അണക്കെട്ട് തുറന്നേക്കും

84

കനത്ത മഴയേത്തുടർന്ന് സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.90 അടിയായി ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഇത് 2391.12 അടിയായിരുന്നു. ആറു അടിയോളം വെള്ളമാണ് പെരുമഴയില്‍ കൂടിയത്. കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡമനുസരിച്ച്‌ 2397.85 അടിയില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. കക്കി, ഷോളയാർ ഡാമ്മുകള്‍ ഇന്ന് തുറക്കും. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് ശേഷവും കേരള ഷോളയാർ ഡാം ഷട്ടറുകൾ 10 മണിയോടെയുമാണ് തുറക്കുക. 2398.86 അടി പിന്നിട്ടാല്‍ ചെറുതോണിയിലെ ഷട്ടര്‍ തുറന്ന് വെള്ളമൊഴുക്കും. കഴിഞ്ഞ ദിവസം മഴ ശക്തമായി ലഭിച്ച സമയത്ത് ചെറിയ തോതില്‍ മാത്രമാണ് ജലനിരപ്പ് കൂടിയത്. എന്നാല്‍, ഇന്നലെ ഉച്ചകഴിഞ്ഞതോടെ രണ്ടടിയോളം വെള്ളം വെറും അഞ്ചു മണിക്കൂറിനുള്ളില്‍ കുതിച്ചുയര്‍ന്നു. വൈകിട്ട് അഞ്ചിന് 2396.04 അടിയായി ജലനിരപ്പുയര്‍ന്നു.

കേരള ഷോളയാർ ഡാം ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് ഉടൻ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു. കേരള ഷോളയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി 100 ക്യു മെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. 6 മണിക്കൂറുകൊണ്ട് വെള്ളം ചാലക്കുടി പുഴയിലെത്തും. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും.