കോവിഡ് മരണത്തിൽ നഷ്ടപരിഹാരം; മാനദണ്ഡം പുതുക്കി കേന്ദ്രസർക്കാർ;  ജീവനൊടുക്കിയവരുടെ കുടുംബത്തിനും സഹായം 

25

കോവിഡ് മൂലം മരിച്ചവരുടെയും ആ കാലയളവിൽ ആത്മഹത്യ ചെയ്തവരുടെയും കുടുംബങ്ങൾക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നൽകുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര തീരുമാനത്തിൽ തൃപ്തി അറിയിച്ച കോടതി, തീരുമാനം രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസമാകുമെന്ന് അഭിപ്രായപ്പെട്ടു. കൊവിഡ് ബാധിച്ച് 30 ദിവസത്തിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം ലഭിക്കും. കൊവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിലുള്ള എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കാം എന്നാണ് പുതിയ തീരുമാനം. പുതിയ മാർഗ്ഗനിർദ്ദേശം വരുന്നതിനു മുമ്പുള്ള മരണസർട്ടിഫിക്കറ്റ് പുതുക്കി നൽകും. മരണ സർട്ടിഫിക്കറ്റ് കിട്ടാത്തവർക്ക് കമ്മിറ്റിയെ സമീപിക്കാം. കൊവിഡ് ബാധിതര്‍ ആത്മഹത്യ ചെയ്താല്‍ അതിനെ കൊവിഡ് മരണമായി കണക്കാനാവില്ലെന്ന കേന്ദ്രത്തിന്‍റെ നിലപാട് പുന പരിശോധിക്കണമെന്നും കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രം കൊവിഡ് ബാധിച്ച ശേഷം ജീവനൊടുക്കിയവരുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയത്.