മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം; മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന് നോട്ടീസ് അയച്ച്‌ സുപ്രീം കോടതി

10

മുസ്ലീം പള്ളികളില്‍ വനിതകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുളള പൊതുതാത്പര്യ ഹര്‍ജിയില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന് നോട്ടീസ് അയച്ച്‌ സുപ്രീം കോടതി. കേരളത്തിലെ ശബരിമല യുവതീപ്രവേശനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹരജി പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്‌എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടോയെന്നും കോടതി രഹജിക്കാരോട് ചോദിച്ചു. ഇസ്ലാം വിശ്വാസികളായ ദമ്ബതികളാണ് സ്ത്രീപ്രവേശനത്തിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത്. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് നിയവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
പൂനയില്‍ വ്യവസായികളായ യാസ്മിന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍ സാദേ എന്നിവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കരുതെന്ന് ഖുറാനില്‍ പറഞ്ഞിട്ടില്ല. പ്രവേശന വിലക്ക് മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇസ്ലാം മതം സ്ത്രീകള്‍ക്കും പുരുഷനും തുല്യ അവകാശമാണ് നല്‍കുന്നത്. സ്ത്രീകള്‍ പള്ളികളില്‍ ആരാധന നടത്തരുതെന്ന് ഖുറാനോ മുഹമ്മദ് നബിയോ പറയുന്നില്ലയെന്നും ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ ജമാഅത്ത് പള്ളികള്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ട്. അതേസമയം സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.