പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; വയനാട് സീറ്റിൽ കടുത്ത തർക്കം

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായത്. പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 4 സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്.

എന്നാല്‍ അതേസമയം വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കടുത്ത അഭിപ്രായഭിന്നത തുടരുകയാണ്. ആദ്യം വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചിരുന്നതെങ്കിലും പിന്നീട് വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും മാറ്റിവയ്ക്കുകയായിരുന്നു.

കെ വി തോമസിന് എറണാകുളം സീറ്റ് നിഷേധിച്ചത് ആദ്യഘട്ട പട്ടികയിലെ അപ്രതീക്ഷിത തീരുമാനമായി. ഹൈബി ഈഡന്‍ എംഎല്‍എ ആണ് എറണാകുളം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആലത്തൂരില്‍ പി കെ ബിജുവിനെതിരെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയാകും. കേരളത്തിലെ കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഒറ്റ ഘട്ടമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതിരിക്കുന്നത്.

കോണ്‍ഗ്രസിന് ഏറ്റവും വിജയ സാദ്ധ്യത കണക്കാക്കുന്ന വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കണമെന്ന് കഴിഞ്ഞ ദിവസം സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വയനാട് ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റാണെന്നും ഷാനിമോള്‍ ഉസ്മാനോ കെ പി അബ്ദുള്‍ മജീദിനോ സീറ്റ് നല്‍കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഒടുവില്‍ കെ മുരളീധരന്‍ എംഎല്‍എയും വയനാട് സീറ്റിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. വയനാട് സീറ്റിനെ ചൊല്ലി കടുത്ത ഗ്രൂപ്പ് തര്‍ക്കം ഇപ്പോഴും തുടരുകയാണ്.