യു.പിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ നിന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബഹുജന്‍ സമാജ് പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയും പിന്മാറി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഇരുവരും നടത്തിയ ചര്‍ച്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന്, ബി.എസ്.പിയും ചെറുപാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി തെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ധാരണായി.
മായാവതിക്കും, അഖിലേഷ് യാദവിനും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന് താല്പര്യമില്ലെന്ന് ഇരുവരും ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. മദ്ധ്യപ്രദേശില്‍ എസ്.പി പ്രതിനിധിക്ക് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഇടം നല്‍കിയില്ല. ഇതാണ് കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതിന് അഖിലേഷ് യാദവിനുള്ള എതിര്‍പ്പിന്റെ കാരണം.
കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്ന സാഹചര്യത്തിലും അമേത്തി, റായ്ബറേലി മണ്ഡലങ്ങളില്‍ സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെയും മണ്ഡലങ്ങളിലാണിത്.