കൊറോണ: ചൈനയിൽ മരണം ആയിരം കവിഞ്ഞു: രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കുറവ്

83

ചൈനയിൽ കൊറോണ വൈറസ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. എന്നാൽ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങി. 3062 പേർക്കാണ്‌ പുതുതായി വൈറസ്‌ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്‌. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 40,171 ആയി. 3281 പേർ രോഗവിമുക്തരായി ആശുപത്രി വിട്ടു.

മരിച്ചവരിൽ രണ്ടുപേർ വിദേശികളാണ്‌. 27 വിദേശികളിൽ രോഗം മാറിയ മൂന്നുപേരെ ആശുപത്രിയിൽനിന്ന്‌ വിട്ടു. ഹോങ്‌കോങ്ങിൽ രോഗം ബാധിച്ചവരിൽ ഒരാൾ മരിച്ചിരുന്നു. ഒടുവിൽ മരിച്ച 98 പേരിൽ 92 പേരും ഹൂബെയ്‌ പ്രവിശ്യയിലാണ്‌. രണ്ടുപേർ ഹെയ്‌ലോങ്‌ജിയാങ്‌ പ്രവിശ്യയിലും ഓരോരുത്തർ ജിയാങ്‌ഷി, ഹൈനാൻ, ഗാൻസു പ്രവിശ്യകളിലും മരിച്ചു. ചൈനയ്‌ക്കു പുറത്ത്‌ 27 രാജ്യങ്ങളിലായി മുന്നൂറോളം പേർക്കാണ്‌ രോഗബാധ.

രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയ 3.99 ലക്ഷം പേരെ കണ്ടെത്തിയതിൽ 29307 പേരെ കുഴപ്പമില്ലെന്നു കണ്ട്‌ വിട്ടയച്ചു. 1.87 ലക്ഷം പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്‌.