മൂലവിളാകത്ത് നടുറോഡിൽ സ്ത്രീക്കെതിരായ ലൈം​ഗികാതിക്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പ്രതി ഇപ്പോഴും ഇരുളിൽത്തന്നെ

18

മൂലവിളാകത്ത് നടുറോഡിൽ സ്ത്രീക്കെതിരായ ലൈം​ഗികാതിക്രമം നടന്നിട്ട് 12 ദിവസം കഴിയുമ്പോഴും ഇരുട്ടിൽ തപ്പി പോലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പാറ്റൂർ മുതൽ പ്രതി സ്ത്രീയ പിന്തുടരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഡിയോ സ്കൂട്ടറിലാണ് പ്രതി സഞ്ചരിച്ചതെന്നാണ് വിവരം. വാഹനം കേന്ദ്രീകരിച്ചുളള അന്വേഷണത്തിൽ വലിയ പുരോ​​ഗതിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേസമയം 12 ദിവസമായിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായിട്ടില്ലെന്ന അക്ഷേപമുയർന്നിട്ടുണ്ട്. നടപടി സ്വീകരിക്കാത്തതിന് രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. പേട്ട സ്റ്റേഷനിലെ രജ്ഞിത്ത്, ജയരാജ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

രാത്രി മരുന്ന് വാങ്ങാൻ രാത്രി പുറത്തിറങ്ങിയ സ്ത്രീ പണമെടുത്തില്ലെന്ന് തിരിച്ചറിഞ്ഞതോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പാറ്റൂർ മുതലാണ് അക്രമി സ്ത്രീയെ പിന്തുടർന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കുറിച്ചുളള നിര്‍ണ്ണായക വിവരങ്ങൾ ലഭിച്ചെന്നാണ് പൊലീസിന്റെ അവകാശവാദം. അക്രമ ശ്രമം തടഞ്ഞ യുവതിയെ അജ്ഞാതൻ വാഹനം മുന്നിലേക്ക് കയറ്റി തടഞ്ഞുനിർത്തി. അക്രമി യുവതിയുടെ തലമുടിയിൽ കുത്തിപ്പിടിച്ച് അടുത്തുള്ള കരിങ്കൽ ചുമരിലേക്ക് ഇടിച്ചു. ആക്രമണത്തിൽ യുവതിയുടെ ഇടത് കണ്ണിനും കവിളിലും പരുക്കേറ്റു. പിന്നാലെ പരുക്കേറ്റ മുഖവുമായി വീട്ടിലെത്തിയ യുവതി മകളോട് വിവരം പറഞ്ഞു. മകളാണ് പേട്ട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. പരാതിക്കാരിയെ കയറിപിടിക്കുകയും മുഖം ചുമരിലിടിക്കുകയും ചെയ്ത ശേഷം ഹെൽമറ്റ് ധരിച്ച അക്രമി മുന്നോട്ട് പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.