ലൈംഗിക അതിക്രമക്കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം ചെയ്തതതില്‍ ജയില്‍ ഡിഐജി അടക്കം എട്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ജയില്‍ ഡിജിപിയുടെ പരാതിയിലാണ് ഇന്‍ഫോപാര്‍ക്ക് പൊലീസിന്‍റെ നടപടി. ഡിഐജി, ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.
ഡിഐജി പി.അജയകുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം അടക്കം എട്ട് പേരെയാണ് കേസില്‍ പ്രതിചേര്‍ത്തത്. ആറ് പേര്‍ ബോബിയെ ജയിലില്‍ കാണാനെത്തിയ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘമാണ്. ജനുവരി പത്തിനാണ് ഡിഐജിയോടൊപ്പം സംഘം കാക്കനാട് ജയിലിലെത്തിയത്. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് 200 രൂപ ബോബിക്ക് കൈമാറിയെന്നാണ് കേസ്. കേസെടുത്തതിന് പിന്നാലെ ഇന്‍ഫോപാര്‍ക്ക് പൊലീസ് ജയിലിലെത്തി രേഖകളടക്കം പരിശോധിച്ചു.