ജലന്ധർ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ നിര്‍ണായക തെളിവുകള്‍ പുറത്ത്; അറസ്‌റ്റ് ഉടന്‍; കേരളത്തിലെ ഡ്രൈവറിന്റെ മൊഴി നിർണായകമായി

കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ് ചെയ്യാന്‍ വേണ്ട നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം. നേരത്തെ കന്യാസ്ത്രീയും സാക്ഷികളും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് സംഘം അന്വേഷണത്തില്‍ പരിഹരിച്ചു. രേഖപ്പെടുത്തിയ 81 സാക്ഷിമൊഴികളില്‍ മൂന്നെണ്ണം കുറ്റകൃത്യം നടന്നെന്ന് സ്ഥാപിക്കാന്‍ കഴിയുന്ന വ്യക്തമായ തെളിവുകളാണ്. അതിനാല്‍ തന്നെ ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകുന്ന ഫ്രാങ്കോയെ അറസ്‌റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

തൃശൂരില്‍ നിന്നും കുറുവിലങ്ങാട് മഠത്തിലെത്തുമ്ബോള്‍ തന്നെ പീ‌ഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതിയില്‍ ആരോപിച്ചിരുന്നത്. ഈ ദിവസം താന്‍ കുറുവിലങ്ങാട് മഠത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ബിഷപ്പ് വാദിച്ചു. തുടര്‍ന്ന് അന്വേഷണ സംഘം മഠത്തിലെ രജിസ്‌റ്റര്‍ പരിശോധിച്ചപ്പോള്‍ 2014 മേയ് 5ന് ബിഷപ്പ് ഇവിടെയെത്തിയിരുന്നുവെന്ന നിര്‍ണായക വിവരം ലഭിച്ചു. താന്‍ മുതലക്കുളം മഠത്തിലാണ് താമസിച്ചതെന്ന ഫ്രാങ്കോയുടെ വാദം തെളിയിക്കുന്ന രേഖകളൊന്നും ലഭിച്ചതുമില്ല. ഇതിനിടയിലാണ് മറ്റൊരു നിര്‍ണായക തെളിവ് കൂടി അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ഫ്രാങ്കോ കേരളത്തിലെത്തുമ്ബോള്‍ ഡ്രൈവറായിരുന്നയാള്‍ നല്‍കിയ മൊഴിയാണ് ഏറ്റവും നിര്‍ണായകം.