ബാർ കോഴ കേസ്: പിണറായി വിജയനെതിരെ ബാറുടമ ബിജു രമേശ്: നേതാക്കൾ വാക്കുമാറ്റിയെന്ന് ബിജു

35

 

ബാർ കോഴ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബാറുടമ ബിജു രമേശ്. കെ എം മാണി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബാർ കോഴ കേസ് അവസാനിച്ചത്. പിണറായിയുടെ വീട്ടിലെത്തിയാണ് കെ എം മാണി കൂടിക്കാഴ്ച നടത്തിയത്. ഇതിന് ശേഷം പൊലീസിനെ വിളിച്ച് കേസ് അവസാനിപ്പിക്കാൻ പറയുകയായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. ബാർ കോഴ ആരോപണത്തിൽ ഉറച്ച് നിൽക്കാൻ പറഞ്ഞ കോടിയേരി ബാലകൃഷ്ണനും വാക്ക് മാറ്റിയെന്ന് ബിജു രമേശ് പറഞ്ഞു.

രമേശ് ചെന്നിത്തലക്കെതിരായ ആരോപണം ബിജു രമേശ് ആവര്‍ത്തിച്ചു. നേരത്തെ രഹസ്യമൊഴി നല്‍കാന്‍ പോകുന്നതിന്‍റെ തലേദിവസം ചെന്നിത്തല വിളിച്ചു. തന്നെ ഉപദ്രവിക്കരുതെന്ന് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ സാമ്പത്തിക സ്ഥിതി എങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം. അന്വേഷണ റിപ്പോര്‍ട്ടില്‍ കോടികള്‍ പിരിച്ചെന്ന് പറയുന്നുണ്ട്. ആ തുക എവിടെയെന്ന് കണ്ടെത്താനാകാത്തത് വിജിലന്‍സിന്‍റെ വീഴ്ചയാണ്. വിജിലന്‍സ് അന്വേഷണം പ്രഹസനമാണ്. കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെയെന്നും ബിജു രമേശ് പറഞ്ഞു.

അതേസമയം ബാർ കോഴയിൽ ബിജു രമേശിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണത്തിനും കേസിനും നിയമതടസ്സമുണ്ടെന്ന് കേസിലെ മുൻ നിയമോപദേഷ്ടാവും അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായിരുന്ന ജി. ശശീന്ദ്രൻ പറഞ്ഞു. മീഡിയ വൺ ചാനലിനോടാണ് വെളിപ്പെടുത്തൽ.