ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ആയുധധാരി അതിക്രമിച്ചുകടന്നു; ഓഫീസുകൾ മണിക്കൂറുകളോളം അടച്ചിട്ട് അധികൃതർ

112
United Nations

ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ആയുധധാരി അതിക്രമിച്ചുകടന്നു. ആയുധധാരിയെന്ന് സംശയിക്കുന്നയാൾ അതിക്രമിച്ച് കയറാൻ ശ്രമിച്ചതിനെ തുടർന്ന് ന്യൂയോർക്ക് സിറ്റിയിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം മണിക്കൂറുകളോളം അടച്ചിട്ടു. ഭീഷണി ഉയർത്തിയ വ്യക്തി യു എന്നിലെ ജീവനക്കാരനല്ലെന്ന്യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.യു എൻ ആസ്ഥാനത്തിന്റെ പ്രധാന ഗേറ്റിന് മുന്നിലാണ് ആയുധധാരിയെ സുരക്ഷാ സേന നേരിട്ടത്. മാൻഹട്ടനിലെ ഫസ്റ്റ് അവന്യൂവിലെ സെക്യൂരിറ്റി ചെക്ക്‌പോസ്റ്റിന് പുറത്ത് ഉദ്ദേശം അറുപത് വയസ് പ്രായം വരുന്നയാളാണ് വ്യാഴാഴ്ച സുരക്ഷാ ഭീഷണി ഉയർത്തിയത്. തോക്ക് പോലുള്ള വസ്തു സ്വയം കഴുത്തിലേക്ക് ചൂണ്ടിയാണ് ഇയാൾ നിന്നത്. മൂന്ന് മണിക്കൂറോളം എടുത്താണ് സുരക്ഷാ സേനയ്ക്ക് ഇയാളെ കീഴ്‌പെടുത്തി അറസ്റ്റ് ചെയ്യാനായത്. സുരക്ഷാ ഭീഷണി ഉയർന്നയുടൻ യുഎൻ സമുച്ചയത്തിലേക്കുള്ള ഗേറ്റുകളെല്ലാം അടച്ചിട്ടു. എന്നാൽ ആയുധധാരി ഗേറ്റിനുള്ളിലേക്ക് കയറാൻ ശ്രമിച്ചില്ല. തുടർന്ന് മറ്റ് പ്രവേശന കവാടങ്ങളിലൂടെ ആളുകളെ ഓഫീസിൽ വരാൻ അനുവദിച്ചു. പൊതുജനങ്ങൾക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. യുഎൻ ജനറൽ അസംബ്ലിയും സെക്യൂരിറ്റി കൗൺസിലും വ്യാഴാഴ്ച ചേർന്നിരുന്നു. പ്രധാന ഗേറ്റിന് മുന്നിൽ ഏറെ നേരമായി അജ്ഞാതനായ വ്യക്തി നിൽക്കുന്നത് കണ്ടതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ നിരീക്ഷിക്കാൻ ആരംഭിച്ചത്.