അംഗീകാരമില്ലാത്ത കാര്യം മറച്ചുവച്ചു: സ്കൂൾ അനാസ്ഥ മൂലം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതാനാവാതെ വിദ്യാർഥികൾ: വൻ പ്രതിഷേധം

70

സ്കൂള്‍ മാനേജ്മെന്റ് വീഴ്ച കാരണം 29 വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാവില്ലെന്ന് പരാതി. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ സാധിക്കാത്തത്. തോട്ടുംപടി മൂലംകുഴി സ്കൂളിന് മുന്നിൽ വിദ്യാർത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്. രജിസ്ട്രേഷന്‍ അപ്രൂവ് ആയില്ലെന്നാണ് മാനേജ്മെന്‍റ് അറിയിച്ചതെന്നും സ്കൂളിൽ മാനേജ്മെന്റിന്റെ വീഴ്ചയെ തുടർന്നാണ് പരീക്ഷ എഴുതാൻ സാധിക്കാത്തതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ സംവിധാനമുണ്ടാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

അതേസമയം അടുത്ത വര്‍ഷം പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കാമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ നല്‍കുന്ന മറുപടി. എന്നാല്‍ ഇത് കുട്ടികളുടെ ഒരു വര്‍ഷം പാഴായി പോകുമെന്നതിനാല്‍ ബദല്‍ മാര്‍ഗം കണ്ടെത്തണമെന്ന ആവശ്യവുമായാണ് രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

പരീക്ഷ തീയതി അടുത്തിട്ടും ഹാള്‍ ടിക്കറ്റ് വിതരണം ചെയ്യാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്‌കൂളിന് അംഗീകാരമില്ലെന്ന വിവരം തിരിച്ചറിയുന്നത്. എട്ടാം ക്ലാസ് വരെ മാത്രമാണ് അരൂജ സ്‌കൂളിന് അംഗീകാരമുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികളെ മറ്റ് സ്‌കൂളുകളില്‍ എത്തിച്ചാണ് സ്‌കൂള്‍ അധികൃതര്‍ പത്താം ക്ലാസ് പരീക്ഷ എഴുതിച്ചിരുന്നത്.