ശിശുക്ഷേമ സമിതി ദത്ത് നല്‍കിയ കുഞ്ഞിനെ വിട്ടുകിട്ടണം; സെക്രട്ടേറിയറ്റിനു മുന്നില്‍ അനുപമ ഇന്ന് നിരാഹാരമിരിക്കും

20

ശിശുക്ഷേമ സമിതി ദത്ത് നല്‍കിയ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ അനുപമ സെക്രടറിയറ്റിന് മുന്‍പില്‍ നിരാഹാര സമരം നടത്തും. രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം. സമരം ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിക്ക് എതിരല്ലെന്നും സര്‍കാരിന്റെ മുന്നിലേക്ക് പ്രശ്‌നം അവതരിപ്പിക്കുകയാണെന്നും അനുപമ പറഞ്ഞു. അമ്മയുടെ സമ്മതമില്ലാതെയാണ് ദത്ത് നല്‍കിയതെന്ന് പരാതി നല്‍കിയിട്ടും കാര്യമായ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് അനുപമ കടക്കുന്നത്. ദത്ത് നടപടികള്‍ക്ക് മുന്‍പേ തന്നെ കുഞ്ഞിനെ അന്വേഷിച്ച്‌ അനുപമ ഭരണ സംവിധാനങ്ങളെ സമീപിച്ചിരുന്നെങ്കിലും കയ്യൊഴിയുകയായിരുന്നുവെന്നാണ് വിവരം. കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള പരാതിയില്‍ പൊലീസിന്റെ ഭാഗത്തുനിന്നടക്കം വീഴ്ച തുടരുന്നുവെന്ന് ആരോപിച്ചാണ് പരാതിക്കാരിയായ അനുപമയും ഭര്‍ത്താവ് അജിത്തും സെക്രടറിയറ്റ് പടിക്കല്‍ നിരാഹാര സമരം തുടങ്ങുന്നത്.