തിരുവനന്തപുരത്ത് യുവാവിന്റെ കൊലപാതകം: കൊലപ്പെടുത്തിയത് പത്തംഗസംഘം: പ്രതികൾ കേരളം വിട്ടതായി സൂചന

കരമനയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത് പത്ത് പേരടങ്ങുന്ന സംഘമെന്ന് പൊലീസ്. പ്രതികള്‍ കേരളം വിട്ടതായി സൂചന. അന്വേഷണം കൂടുതല്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. അതേസമയം, അനന്തുവിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കി. യൂത്ത് കോണ്‍ഗ്രസ് ആറ്റുകാല്‍ മണ്ഡലം സെക്രട്ടറിയാണ് അനന്തു.

കൈത്തണ്ടയില്‍ നിന്നും കഴുത്തില്‍ നിന്നും ചോര ചീറ്റിച്ചും, തലോട്ടില്‍ കല്ലുകള്‍കൊണ്ട് ആഞ്ഞ് അടിച്ചും ഇഞ്ച് -ഇഞ്ചായി നരകിപ്പിച്ചാണ് അനന്തുവിനെ വകവരുത്തിയതെന്ന് പൊലീസിന് പ്രാഥമിക
അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. കഞ്ചാവിന് അടിമപ്പെട്ട ഒരുകൂട്ടം യുവാക്കളാണ് കൊലനടത്തിയതെന്നും കണ്ടെത്തി. കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഏഴോളം പേരും 27വയസിന് താഴെയുള്ളവരാണ്. ചൊവ്വാഴ്ച വൈകിട്ട് അനന്തവുമായി നീറമണ്‍കര ദേശീയ പാതയ്ക്ക് സമീപമുള്ള ബി.എസ്.എന്‍.എല്‍ പുറമ്പോക്ക് ഭൂമിയില്‍ എത്തിയ അക്രമി സംഘം കഞ്ചാവ് ലഹരിയില്‍ ക്രൂര വിനോദമാണ് നടത്തിയത്.

നിലവിളി ഉയരാതിരിക്കാന്‍ വായില്‍ കല്ലും മണ്ണും വാരി നിറച്ചു. ശരീരത്തില്‍ മുറിവേല്‍ക്കാത്ത ഒരു സ്ഥലം പോലും ബാക്കിയുണ്ടാകാത്തവിധം അതിക്രൂരമായ വേട്ടയാടലാണ് നേരം പുലരുവോളം നടന്നത്. ബന്ധുവിന്റെ പരാതിയിന്‍ മേല്‍ പൊലീസ് അന്വേഷിക്കുമ്പോഴും നഗരമദ്യത്തില്‍ തന്നെ കൊലപാതകവും അരങ്ങേറി. ബുധനാഴ്ച രാവിലെ 11ഓടെ അനന്തുവിന്റെ സാമുറായി ബൈക്ക് നീറമണ്‍കരയ്ക്ക് സമീപം ദേശീയപാതയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് തളിയില്‍ അരശുംമൂടിന് സമീപം ബൈക്കില്‍ എത്തിയ സംഘം അനന്തുവിനെ തട്ടിക്കൊണ്ടുപോയത്.