ഇന്ത്യൻ ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്‍മാരോട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ; കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണ

53

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്‍മാരോട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഞാനൊരു ചരിത്ര വിദ്യാര്‍ഥിയാണ്. നിരവധി തവണ ഇന്ത്യയുടെ ചരിത്രം കേട്ടിട്ടുണ്ട്. പലപ്പോഴും അത് ശരിയായ രീതിയിലല്ല അവതരിപ്പിച്ചിരിക്കുന്നതെന്ന് തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ ഇന്ത്യന്‍ ചരിത്രത്തെ ശരിയായ രീതിയിലാക്കി മാറ്റണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ചരിത്രം ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ നിന്നും നമ്മളെ തടയുന്നതാരാണ്. ഈ പരിപാടിക്കെത്തിയ വിദ്യാര്‍ഥികളോടും അധ്യാപകരോടും ഇതിനായി പ്രവര്‍ത്തിക്കാന്‍ താന്‍ ആഹ്വാനം ചെയ്യുകയാണ്. രാജ്യം ഭരിച്ച 30ഓളം രാജവംശങ്ങളെ കുറിച്ച്‌ നിങ്ങള്‍ പഠിക്കണം. സ്വാതന്ത്ര്യ സമരത്തിനായി പ്രവര്‍ത്തിച്ച 300 പ്രധാനപ്പെട്ട വ്യക്തികളെ കുറിച്ചും പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ അസം സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.