HomeNewsShortനടി ശ്രീദേവി അന്തരിച്ചു: സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇനി ഓര്‍മയുടെ അഭ്രപാളിയില്‍

നടി ശ്രീദേവി അന്തരിച്ചു: സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇനി ഓര്‍മയുടെ അഭ്രപാളിയില്‍

അഭിനയമികവു കൊണ്ട് ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയ അപൂര്‍വം നടിമാരേയുള്ളു. അതില്‍ എന്നും ഒന്നാമത്തെയാള്‍ ശ്രീദേവിയാണ്. കഴിഞ്ഞ വര്‍ഷം 54ആം പിറന്നാള്‍ ആഘോഷിക്കുന്പോഴും ശ്രീദേവിയെ കാത്ത് സമീപകാലത്ത് ഇത്തരമൊരു ദുര്‍വിധി ഉണ്ടെന്ന് ആരും കരുതിയിരുന്നില്ല. ശ്രീദേവിയുടെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു യുഗത്തിന് തന്നെ അന്ത്യമാവുകയാണ്.

1976ല്‍ നായികയായി അരങ്ങേറിയ ശ്രീദേവി ഹിന്ദി, മലയാളം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സിനിമയിലെ ഖാന്‍ ത്രയങ്ങളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ആകെ ഇതുവരെ 200 മുതല്‍ 250 സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എന്ന സത്യം അംഗീകരിക്കുമ്ബോഴാണ് ശ്രീദേവിയുടെ സ്ഥാനം എന്താണെന്ന് മനസിലാവുക.

1963 ആഗസ്റ്റ് 13ന് തമിഴ്നാട്ടിലെ ശിവകാശിയില്‍ വക്കീലായ അയ്യപ്പന്റെയും രാജേശ്വരിയുടെയും മകളായാണ് ശ്രീ അമ്മയങ്കാര്‍ അയ്യപ്പന്‍ എന്ന ശ്രീദേവി ജനിച്ചത്. 1967ല്‍ റിലീസ് ചെയ്ത കന്തന്‍ കരുണൈയില്‍ മുരുകന്റെ കുട്ടിക്കാലം അഭിനയിച്ചു കൊണ്ട് തുടക്കം. അന്ന് നാലു വയസുള്ള കുട്ടി ശ്രീദേവിയുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. എ.പി.നാഗരാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, സാവിത്രി തുടങ്ങിയ വന്‍ താര നിരതന്നെ ചിത്രത്തിലുണ്ടായിരുന്നു. 1969ല്‍ പി. സുബ്രഹ്മണ്യത്തിന്റെ ‘കുമാരസംഭവ’ത്തിലൂടെയാണ് ശ്രീദേവി മലയാള സിനിമയില്‍ ചുവടുവച്ചത്. 1970ല്‍ ‘മാ നന്ന നിര്‍ദോഷി’യിലൂടെ തെലുങ്കിലും 1974ല്‍ ‘ഭക്ത കുമ്ബര’യിലൂടെ കന്നഡയിലും 1975ല്‍’ജൂലി’ എന്ന സിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറി. 1976ല്‍ കെ. ബാലചന്ദറിന്റെ ‘മൂണ്‍ട്രു മുടിച്ച്‌’എന്ന ചിത്രത്തിലൂടെ നായികയായി. കമലഹാസനും രജനീകാന്തുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍. തുടര്‍ന്നു വന്ന പതിനാറു വയതിനിലെ ‘മൂന്‍ട്രാം പിറൈ’ തുടങ്ങിയവ ശ്രീദേവിയെ മുന്‍നിര നായികാ പദവിയിലേക്ക് ഉയര്‍ത്തി. കമലഹാസന്‍ ശ്രീദേവി ജോഡി നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു. സമാനമായി മലയാളത്തിലും തെലുങ്കിലും ശ്രീദേവി അഭിനയിച്ചിരുന്നു.

തെന്നിന്ത്യയില്‍ താരറാണിയായി തിളങ്ങവേ 1979ല്‍ ബോളിവുഡില്‍ ‘സൊല്‍വാ സാവനി’ലൂടെ ബോളിവുഡിലെത്തി. തൊട്ടടുത്ത വര്‍ഷം ജിതേന്ദ്രയുടെ നായികയായി പുറത്തിറങ്ങിയ ‘ഹിമ്മത്വാല’ സൂപ്പര്‍ ഹിറ്റായി. തുടര്‍ന്ന് മി. ഇന്ത്യ, ചാന്ദിനി തുടങ്ങിയ ചിത്രങ്ങളിലൂടെ താരറാണിയായി ഉയര്‍ന്നു. വിവാഹത്തെ തുടര്‍ന്ന് ഏഴു വര്‍ഷത്തെ ഇടവേളയെടുത്ത ശ്രീദേവി ഇടയ്ക്ക് ചില സിനിമകളില്‍ അഭിനയിച്ചെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയത് 2012ല്‍ ഇംഗ്ലിഷ് വിംഗ്ലിഷിലൂടെയാണ്. രവി ഉദയവാര്‍ സംവിധാനം ചെയ്യുന്ന മോമില്‍ അമ്മ മകള്‍ ബന്ധത്തെക്കുറിച്ചാണ് പറയുന്നത്. രണ്ട് പെണ്‍മക്കളുടെ അമ്മയായ തനിക്ക് ഈ കഥാപാത്രം വളരെ ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നാണ് താരം പറഞ്ഞത്. 2015ല്‍ വിജയ് നായകനായ ‘പുലി’ എന്ന സിനിമയിലൂടെ ശ്രീദേവി തമിഴകത്ത് മടങ്ങിയെത്തി. ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടെങ്കിലും ശ്രീദേവിയുടെ യവനറാണി എന്ന രാജ്ഞിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷം പുറത്തിറങ്ങിയ ‘മോം’ എന്ന സിനിമയിലാണ് ശ്രീദേവി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments